26.1 C
Kollam
Wednesday, November 20, 2024
HomeNewsജില്ലയിൽ സമഗ്ര വികസന പദ്ധതി

ജില്ലയിൽ സമഗ്ര വികസന പദ്ധതി

ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതിയുടെ രൂപരേഖ തയ്യാറാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലാണ് ജില്ലാ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍ തുടങ്ങി വികസനത്തിന്റെ മേഖലയില്‍ ഇടപെടുന്ന സംവിധാനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ഥലമാനാസൂത്രണം, ജലമടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ  പങ്കിടല്‍, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങളുടെ സംയോജിത വികസനം എന്നിവ പദ്ധതിയുടെ ഭാഗമാകും. വിവിധ മിഷനുകളുടെ പ്രവര്‍ത്തനവും ജനകീയാസൂത്രണവും ജില്ലാ പദ്ധതിയിലൂടെ കൂടുതല്‍ സജീവമാക്കും. രണ്ട് ഭാഗങ്ങളായാണ് ജില്ലാ പദ്ധതി തയ്യാറാക്കുക. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാട് പ്രതിഫലിക്കുന്നതാകും ആദ്യഭാഗം. കേന്ദ്ര-സംസ്ഥാന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പ് വാര്‍ഷിക പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ രണ്ടാം ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പദ്ധതി തയ്യാറാക്കലിന്റെ ഭാഗമായി ജില്ലയുടെ ജനസംഖ്യ, ഭൂപ്രകൃതി, ജനസംഖ്യാ വളര്‍ച്ച, വികസന ചരിത്രം, ഭൂപടം, വിഭവ ലഭ്യത, ഉത്പാദന-സേവന-പശ്ചാത്തല മേഖലകള്‍, പ്രതേ്യക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 22ന് കരട് പദ്ധതി ജില്ലാ ആസൂത്രണ സമിതിയില്‍ അവതരിപ്പിക്കും. ഡിസംബര്‍ 22ന് നടക്കുന്ന ജില്ലാ വികസന സെമിനാറില്‍ കരട് പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കും. 2018 ജനുവരി അഞ്ചിന് പദ്ധതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാനതലത്തിലെ വികസന കൗണ്‍സില്‍ (എസ്.ഡി.സി) നിര്‍ദേശിക്കുന്ന മാറ്റങ്ങളോടെ ജനുവരി 15ന് ജില്ലാ പദ്ധതി നിലവില്‍ വരും.
ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച 19 ഉപസമിതികളിലെ അംഗങ്ങള്‍ക്കായുള്ള ശില്പശാലയും ഏകദിന പരിശീലനവും നടന്നു. പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ ഉപസമിതികള്‍ ശില്പശാലയില്‍ അവതരിപ്പിച്ചു. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്തു. പദ്ധതി രൂപീകരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍ അധ്യക്ഷനായി. മേയര്‍ വി. രാജേന്ദ്രബാബു, എസ്. ആര്‍. ജി റിസോഴ്‌സ് പേഴ്‌സണ്‍ എസ്. ജമാല്‍, എസ്. ആര്‍. ജി. കോ-ഓര്‍ഡിനേറ്റര്‍ പ്രേംലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,  ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ സംബന്ധിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments