റെയില്‍വേപ്പാളം കൂടി കാണാത്ത ഒരു ജില്ലയില്‍ നിന്ന് വിമാനം പറത്താനൊരുങ്ങി ഒരു ആദിവാസി വനിത

143

ഒഡിഷയിലെ 4.2 കോടി ജനസംഖ്യയില്‍ 22.95 ശതമാനം പേരും ആദിവാസികളാണ്. ഇവരില്‍ 41.20 ശതമാനം പേര്‍ മാത്രമേ സാക്ഷരത നേടിയിട്ടുള്ളൂ. എന്നാലിതാ ഇവര്‍ക്ക് അഭിമാനമായി അവള്‍ മാറുന്നു . ഇവളുടെ പേര് അനുപ്രിയ മധുമിത ലക്ര. പൊലീസ് കോണ്‍സ്റ്റബിളായ മിരിനിയാസ് ലര്‍ക്കയുടെയും ജിമാജ് യാഷ്മിന്‍ ലക്രയുടെയും മകള്‍. ഒഡിഷയില്‍ നിന്നു വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള യോഗ്യത ആദ്യമായി നേടുന്ന ആദിവാസി യുവതിയായി മാറുകയാണ് അനുപ്രിയ. റെയില്‍വേപ്പാളം കൂടി കാണാത്ത ഒരു ജില്ലയില്‍ നിന്നാണ് ഒരു ആദിവാസി യുവതി വിമാനം പറത്താന്‍ പോകുന്നതെന്ന് ഓര്‍ക്കണം.

മാല്‍ക്കന്‍ഗിരിയില്‍ത്തന്നെയായിരുന്നു അനുപ്രിയയുടെ പ്രാഥമിക വിദ്യാഭ്യാസം. 2012-ല്‍ ഭുവനേശ്വറിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാഭ്യാസ കാലത്തിനിടയ്ക്കാണ് പൈലറ്റാകാനുള്ള ആഗ്രഹത്തിലേക്ക് അനുപ്രിയ എത്തിയത്.

തുടര്‍ന്നാണ് എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനു കയറി.

ഏഴുവര്‍ഷത്തോളം അമ്മാവന്റെ സഹായം കൊണ്ടും വിദ്യാഭ്യാസ വായ്പ കൊണ്ടും മറ്റുമാണ് ഈ നേട്ടത്തിലെത്തിയത്.

. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മാല്‍ക്കന്‍ഗിരിയില്‍ നിന്നുള്ള 27-കാരിയായ അനുപ്രിയ ഈ മാസം അവസാനത്തോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കോ-പൈലറ്റായി ചുമതലയേല്‍ക്കും.

തങ്ങളുടെ കുടുംബത്തിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവന്‍ അനുപ്രിയ അഭിമാനമായി മാറുകയാണ്.
എല്ലാ പെണ്‍കുട്ടികള്‍ക്കും മകള്‍ ഒരു പ്രചോദനമാകണമെന്നായിരുന്നു ആഗ്രഹമെന്ന് മാതാവ് ജിമാജ് പറഞ്ഞു. ‘അവള്‍ എന്താണോ സ്വപ്‌നം കണ്ടത്, അത് അവളായി. എല്ലാ മാതാപിതാക്കളോടും അവരുടെ പെണ്‍മക്കളെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.’- അവര്‍ പറഞ്ഞു.

അനുപ്രിയയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here