രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ പ്രതി നളിനി പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി തിരികെ ജയിലിലെത്തി. മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്
നളിനിക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മുമ്പേ തള്ളിയിരുന്നു.
കര്‍ശന വ്യവസ്ഥകളോടെയാണ് നളിനക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. ഇതുപ്രകാരം ജുലൈ 25ന് നളിനി പുറത്തിറങ്ങി. പിന്നീട് നളിനിയുടെ അപേക്ഷ പരിഗണിച്ച് മൂന്നാഴ്ച കൂടി പരോള്‍ നീട്ടി നല്‍കുകയായിരുന്നു. ഇതിന് ശേഷം മൂന്നാമതും പരോള്‍ നീട്ടാന്‍ അനുമതി തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളി.
മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനി ഉള്‍പ്പടെ ആറ് പേരാണ് ജീവപര്യന്തം തടവു ശിക്ഷയുമായി ജയിലില്‍ ഇപ്പോഴും കഴിയുന്നത്. വധശിക്ഷക്ക് വിധിച്ച പ്രതികളുടെ ശിക്ഷ കാലാവധി അനന്തമായി നീണ്ടുപോയതോടെ ഹര്‍ജി പരിഗണിച്ച് വധശിക്ഷ റദ്ദാക്കി പിന്നീട് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
