തിരുപതിയിലെ നിവേദ്യമായ ലഡുവില്‍ ഇനി മുതല്‍ ഭക്തര്‍ക്ക് കൊല്ലത്തിന്റെ രുചിയും നുണയാം. ലഡു തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കുന്ന കശുവണ്ടി ഇനി മുതല്‍ കൊല്ലത്ത് നിന്നുമാണ് കയറ്റുമതി ചെയ്യുന്നതെന്ന് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ അറിയിച്ചു. കാഷ്യൂ ബോര്‍ഡാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. 70 കോടി രൂപയുടെതാണ് ഇടപാട് . ക്ഷേത്രത്തില്‍ ലഡു നിര്‍മ്മാണത്തിന് ദിവസവും 3000 കിലോ കശുവണ്ടി പരിപ്പാണ് വേണ്ടിവരുന്നത്. പായസം ഉള്‍പ്പടെയുള്ള പ്രസാദങ്ങള്‍ക്കും പരിപ്പു വേണം. ഇതിന് ആവശ്യമായ കശുവണ്ടി പരിപ്പാണ് കൊല്ലത്തു നിന്നും കയറ്റുമതി ചെയ്യുന്നത്. കശുവണ്ടി വികസന കോര്‍പ്പറേഷനും ക്യാപക്‌സുമാണ് ഇതിനായി കശുവണ്ടി നല്‍കുന്നത്. ഇതോടെ കശുവണ്ടി വ്യാപാരത്തില്‍ വന്‍ കുതിപ്പിനാണ് സാധ്യത ഏറുന്നത്.