‘ഹൗഡി മോദി’ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെ ഹൂസ്റ്റണിലെത്തി. പരിപാടിയില്‍ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിക്കൊപ്പം വേദി പങ്കിടും. നയതന്ത്ര, വാണിജ്യ മേഖലകളില്‍ പുതിയ ചുവടുവയ്പുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന മെഗാ ഈവന്റാണ് ‘ഹൗഡി മോദി’. ഇന്ത്യ – അമേരിക്ക ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ലോകം ഇതിനെ ഉറ്റുനോക്കുന്നത്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് പ്രതീക്ഷ. 50,000 ത്തിലധികം ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
നാളെ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ 27ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
”ഹൗഡി ഹ്യൂസ്റ്റണ്‍! ഹ്യൂസ്റ്റണിലെ തെളിച്ചമുള്ള ഉച്ചസമയമാണിത്. ഇന്നും നാളെയും ചലനാത്മകവും ഊര്‍ജ്ജസ്വലവുമായ ഈ നഗരത്തില്‍ നടക്കാനിരിക്കുന്ന വിപുലമായ പരിപാടികളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ട്രംപ് – മോദി ഔദ്യോഗിക കൂടിക്കാഴ്ച.