കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിനായി വാദിക്കുക മറ്റാരുമല്ല. ഒരു സിറ്റിങ്ങിന് 6 ലക്ഷം മുതല്‍ 15 ലക്ഷം വരെ വാങ്ങുന്ന സുപ്രീം കോടതിയുടെ ‘ജീനിയസ് ജെം’ മലയാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏറ്റവും തിരക്കേറിയതും ഏതു കേസും നിഷ്പ്രയാസം കൈ പിടിയില്‍ ഒതുക്കുന്ന ‘വണ്‍ ഓഫ് ദ ലീഡിങ് അഡ്വക്കേറ്റ്‌സ് ഇന്‍ ഇന്ത്യ ‘ ഹരീഷ് സാല്‍വെ. ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച പാകിസ്താനില്‍ തടങ്കലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ കേസ് വരെ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ വാദിച്ചു ജയിച്ച പ്രഗത്ഭനായ അഡ്വക്കേറ്റ്.
കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഉത്തരവും സംസ്ഥാനസര്‍ക്കാരിന് തീര്‍ത്തും നിര്‍ണായകമായ ഘട്ടത്തിലാണ് ഹരീഷ് സാല്‍വെ കേസ് ഏറ്റെടുക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഫ്ളാറ്റ് പൊളിയ്ക്കുമെന്നും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും അപേക്ഷിച്ചാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ അവസരത്തിലാണ് കോടതിയില്‍ ഇന്ന് ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകുന്നത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ മുമ്പാകെയാണ് ഇന്ന് കേസ് പരിഗണനക്ക് എത്തുന്നത്. സര്‍ക്കാരും ഫ്ലാറ്റ് നിര്‍മാതാക്കളും ഫ്ലാറ്റുടമകളെ മനുഷ്യകവചമാക്കി ഒത്തുകളിയ്ക്കുകയാണെന്ന കത്തും സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്. പുതുതായി സ്ഥാനമേറ്റെടുക്കുന്ന നാല് ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഉള്ളതിനാല്‍ അത് കഴിഞ്ഞാവും കോടതി മരട് കേസ് പരിഗണിക്കുക.