അതിര്‍ത്തി കടന്നു പാക് ഡ്രോണ്‍ എത്തിയ സംഭവത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. പഞ്ചാബ് അതിര്‍ത്തിയിലാണ് പാക് ഡ്രോണ്‍ പറന്നെത്തിയത്. രാത്രിയായിരുന്നു സംഭവം. പതിനഞ്ചു മിനിറ്റോളം ഡ്രോണ്‍ അതിര്‍ത്തിയില്‍ വട്ടമിട്ടു പറന്നു. തുടര്‍ന്ന് ബിഎസ്എഫിന്റെ ശ്രദ്ധയില്‍ ഡ്രോണ്‍ പതിഞ്ഞതോടെയാണ് സുരക്ഷ കര്‍ശനമാക്കിയത്.
നാല് തവണ പാക് അതിര്‍ത്തിക്കുള്ളില്‍ പറന്ന ഡ്രോണ്‍ ഒരു തവണ മാത്രം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെത്തി. അതിര്‍ത്തി കടന്ന് ഒരു കിലോമീറ്ററിലേറെ ഡ്രോണ്‍ പറന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബി.എസ്.എഫിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ തുടര്‍ന്ന് മേഖലയില്‍ പരിശോധന നടത്തി.
സെപ്റ്റംബര്‍ ഒമ്പതിനും 16നും ഇടയില്‍ അതിര്‍ത്തിക്കിപ്പുറത്തേക്ക് ഡ്രോണ്‍ ഉപയോഗിച്ച് വെടിക്കോപ്പുകള്‍ കടത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താന്റെ പിന്തുണയോടെ ഖലിസ്താന്‍ തീവ്രവാദികളാണ് ആയുധം കടത്തിയതെന്നാണ് സൈന്യത്തിന്റെ വാദം.