വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിനു വേണ്ടി സമുദായം പറഞ്ഞ് വോട്ടു ചോദിച്ചു എന്‍.എസ്.എസ്. പാലായില്‍ തകര്‍ന്നു തരിപ്പണമായ യുഡിഎഫിനു പുതുജീവന്‍ കൊടുക്കാന്‍ ഇറങ്ങിപ്പെട്ട സുകുമാരന്‍ നായര്‍ക്കും എന്‍.എസ്.എസിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി.
പരാതിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും കോടിയേരി ബാലകൃഷ്ണന്‍ നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
വട്ടിയൂര്‍കാവില്‍ യുഡിഎഫിന് വേണ്ടി എന്‍എസ്എസ് പരസ്യമായി രംഗത്തിറങ്ങിയതില്‍ ഇടത് മുന്നണിക്ക് കടുത്ത എതിര്‍പ്പുണ്ട്. പിന്നാലെയാണ് കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ വ്യക്തമാക്കിയിരുന്നു. സമുദായ സംഘടനകള്‍ക്ക് പലതും പറയാം പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നായിരുന്നു കാനം ഇന്നലെ പറഞ്ഞത്. എന്നാല്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല എന്ന തിരിച്ചറിവാണ് പരാതി നല്‍കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
42 ശതമാനം നായര്‍ വോട്ടുള്ള വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ടുകളും തിരികെ എത്തിക്കാനുള്ള സുവര്‍ണ്ണാവസരമായാണ് യുഡിഎഫ് എന്‍എസ്എസിനെ കൂട്ടുപിടിച്ചിരിക്കുന്നത്.