ബി.ജെ.പി-ശിവസേനാ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ തര്‍ക്കങ്ങളും വിവാദങ്ങളും ചൂടുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍
സംസ്ഥാനത്തെ ഭരണത്തിന്റെ ‘റിമോട്ട് കണ്‍ട്രോള്‍’ ഇപ്പോഴും ശിവസേനയുടെ കൈയിലാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗട്ട് ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ചു.
1995-99 കാലഘട്ടത്തില്‍ സേന-ബി.ജെ.പി സഖ്യം ആദ്യമായി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ സ്ഥിരമായി പറഞ്ഞിരുന്ന ‘റിമോട്ട് കണ്‍ട്രോള്‍’ വാചകമാണ് ഇപ്പോള്‍ റൗട്ട് ഉപയോഗിച്ചിരിക്കുന്നത്. ‘2014-ല്‍ 63 സീറ്റുകള്‍ നേടിയതു വെച്ചു നോക്കുമ്പോള്‍ ഇത്തവണ സേന നേടിയതു 56 സീറ്റാണ്. ഇതൊന്നും കണ്ട് ബിജെപി കുളരണിയേണ്ട എന്ന താക്കീതാണ് റൗട്ട് നല്‍കുന്നത്.
ഇത് ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോളാണ്. ബി.ജെ.പിക്കു പിറകെ ശിവസേന ചെല്ലുമെന്ന സ്വപ്നമാണ് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തകര്‍ന്നത്.’
രാജ്യസഭാ എം.പി കൂടിയായ റൗട്ട് സേനയുടെ മുഖപത്രമായ ‘സാമ്ന’യിലാണ് ബി.ജെ.പിക്കുള്ള മുന്നറിയിപ്പായി ഇക്കാര്യം എഴുതിയത്.
ശിവസേനയുടെ പാര്‍ട്ടി ചിഹ്നമായ കടുവ ഒരു കൈയില്‍ താമരയും കഴുത്തില്‍ ക്ലോക്ക് ലോക്കറ്റുമായി നില്‍ക്കുന്ന ഒരു കാര്‍ട്ടൂണ്‍ വെള്ളിയാഴ്ച റൗട്ട് ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ ചിഹ്നമായ താമര കടുവ മണക്കുന്നതാണ് കാര്‍ട്ടൂണിലുള്ളത്. ക്ലോക്കാവട്ടെ, എന്‍.സി.പിയുടെ ചിഹ്നവും. കടുവ കൈയില്‍ താമര പിടിച്ചിരിക്കുന്ന കാര്‍ട്ടൂണിനു നിലവിലെ സാഹചര്യവുമായി ബന്ധമുണ്ട്. ആരും ഒന്നും നിസ്സാരമായി എടുക്കരുതെന്നുള്ളതാണ് അതിലെ സന്ദേശം.’- അദ്ദേഹം എഴുതി.