അമ്മയും മകനും ചേര്‍ന്ന് വിവിധ ബാങ്കുകളെ കബളിപ്പിച്ചു നടത്തിയത് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് . കാശ്മീരില്‍ ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുഴുവന്‍ തട്ടിപ്പും നടത്തിയത്.
ഇവര്‍ വ്യാജന്മാരാണ് എന്ന് സൂചന ലഭിച്ച ഉടന്‍ പൊലീസ് വീടു വളയുകയായിരുന്നു. എന്നാല്‍ പോലീസിനെ കണ്ട മകന്‍ ഓടിക്കളഞ്ഞു, അമ്മ അറസ്റ്റിലാവുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ തലശേരി തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
ശ്യാമളയുടെ മകന്‍ വിപിന്‍ കാര്‍ത്തിക് (29) കാശ്മീരില്‍ കുപ്വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ നിന്നായി വായ്പയെടുത്ത് 28 കാറുകള്‍ വാങ്ങി. ഇതില്‍ 27 ഉം മറിച്ചുവിറ്റു. രണ്ടുവര്‍ഷത്തിനിടെ ഗുരുവായൂരില്‍ നിന്ന് മാത്രം വായ്പയെടുത്ത് 12 കാറുകള്‍ വാങ്ങി 11 എണ്ണവും മറിച്ചുവിറ്റു.
നിലവില്‍ വിപിന്‍ കാര്‍ത്തിക്കിനായി അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി എച്ച്.യതീഷ്ചന്ദ്ര, അസി. കമ്മിഷണര്‍ ടി ബിജു ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം .