കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി.ദേവഗൗഡ. ഡിസംബര്‍ അഞ്ചിനു സംസ്ഥാനത്തു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേവഗൗഡയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറുകയാണ്. കോണ്‍ഗ്രസുമായി മാത്രമല്ല ബിജെപിയുമായും പക്ഷം ചേരില്ല. ഇരുപാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ല അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണു മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
‘രണ്ടു ദേശീയപാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ല. ഇരുവര്‍ക്കും ഒരേ സ്വഭാവമാണ്. അവര്‍ ഞങ്ങളെ അവര്‍ക്കാവശ്യമുള്ളപ്പോള്‍ ഉപയോഗിക്കും. അതിനുശേഷം നശിപ്പിക്കും. അവരുമായി സഖ്യമുണ്ടോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ല. ഞങ്ങള്‍ ഒറ്റയ്ക്കു പോകും.’- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസാണു കഴിഞ്ഞതവണ ഞങ്ങളുടെ പിറകെ വന്ന് സര്‍ക്കാരുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് കുറേ സംസാരിച്ചതിനു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.’- അദ്ദേഹം വിശദീകരിച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം 17 എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിനു സംസ്ഥാനത്തു കളമൊരുങ്ങിയത്. അതില്‍ രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകില്ല.