അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലകളില്‍ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ 250 വിദഗ്ധ തൊഴിലാളികളെത്തും. ഗുജറാത്തിലെ 10 തൊഴിലാളികളായിരുന്നു ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിര്‍മാണം മൂന്നുമാസത്തിനുള്ളില്‍ തുടങ്ങണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ പണി ഇനിയുള്ള ദിവസങ്ങളില്‍ വേഗത്തിലാക്കണം. 250 വിദഗ്ധ തൊഴിലാളികളെയെങ്കിലും ഇതിനായി എത്തിക്കാനാണ് ശ്രമം നടത്തുന്നത്. രാജസ്ഥാനിലെ ഭരത്പുര്‍, ഉത്തര്‍ പ്രദേശിലെ മിര്‍ജാപുര്‍, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളില്‍നിന്നാണ് തൊഴിലാളികളെ എത്തിക്കുന്നത്. ഇക്കാര്യം കര്‍സേവപുരത്തെ രാമജന്മഭൂമി ന്യാസ് നിര്‍മാണശാലയിലെ സുരക്ഷാപ്രമുഖ് ഹനുമാന്‍യാദവാണ് പുറത്തു വിട്ടത്. രാമജന്മഭൂമിയില്‍ രാമന് മഹത്തരമായ ക്ഷേത്രം മാത്രമാണ് ന്യാസിന്റെ ലക്ഷ്യമെന്നും ഹനുമാന്‍ യാദവ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ പോകുന്ന ട്രസ്റ്റ് രാമജന്മഭൂമി ന്യാസിനെ നിര്‍മാണ പ്രവൃത്തി ഏല്‍പ്പിക്കുമെങ്കില്‍ സന്തോഷം പൂര്‍വ്വം സ്വീകരിക്കും അല്ലെങ്കില്‍ ഇതുവരെ നടത്തിയ പ്രവൃത്തികളുടെ ഫലം സര്‍ക്കാര്‍ ട്രസ്റ്റിന് വിട്ടുനല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.