വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ച ജീവനക്കാരനെ ശകാരിച്ച് മേലുദ്യോഗസ്ഥന് മറുപടിയായി മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ചു ജീവനക്കാരന്‍. ഈ വീഡിയോ ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജഗദീഷ് എന്ന ഡ്രൈവറാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധം നടത്തിയത്.
മേലുദ്യോഗസ്ഥരുടെ വാഹനം ഓടിക്കുന്നത് ജഗദീഷാണ്. കഴിഞ്ഞ ദിവസം ഓഫീസില്‍ വെച്ച് ബോര്‍ഡ് മീറ്റിംഗ് നടന്നിരുന്നു. ഇതേ തുടര്‍ന്ന് 2.30 ആയപ്പോഴാണ് മീറ്റിംഗ് കഴിഞ്ഞത്. കാസര്‍ഗോഡ് മുന്‍ എംഎല്‍എയും ബോര്‍ഡ് മെമ്പറുമായ കുഞ്ഞിരാമന്‍ ജഗദീഷിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. കാറില്‍ തൃശൂരില്‍ കൊണ്ടുവിടണമെന്നും ആവശ്യപ്പെട്ടു. വിഐപി കാബിനിലിരുന്നാണ് ഇരുവരും ഭക്ഷണം കഴിച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ കാറില്‍ തൃശൂരിലാക്കി ജഗദീഷ് മടങ്ങിയെത്തി.
ഇതിന് പിന്നാലെ 4.30 -ഓടെ ജനറല്‍ മാനേജര്‍ തന്നെ വിളിപ്പിച്ചു. ആരോട് ചോദിച്ചിട്ടാണ് വിഐപി കാബിനിലിരുന്ന് ഭക്ഷണം കഴിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ജഗദീഷ് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. അര മണിക്കൂറോളം ജഗദീഷിനെ മാനേജര്‍ നിര്‍ത്തി പൊരിച്ചു. ഇനി ആവര്‍ത്തിച്ചാല്‍ ജോലി കാണില്ലെന്നും താക്കീത് കൊടുത്തു.
ഒരു നേരത്തേ ഭക്ഷണം കഴിച്ചതിനായിരുന്നു ചീത്ത വിളി മുഴുവന്‍. മാനസികമായി ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചതായും ജഗദീഷ് പറഞ്ഞു. അതാണ് റോഡിലിരുന്നു ഭക്ഷണം കഴിച്ച് പ്രതിഷേധം നടത്തിയത് എന്നായിരുന്നു ജഗദീഷിന്റെ വാക്കുകള്‍.