തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടൊഴിയാതെ മലയാളി വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്നതിന് അല്‍പം മുമ്പാണ് ഉറക്കത്തിലേക്ക് മയങ്ങി വീണത്. ബസില്‍ ഉണ്ടായിരുന്നവര്‍ എല്ലാം തന്നെ ആ സമയം നല്ല ഉറക്കത്തിലായിരുന്നു. ബംഗ്ലൂരിവില്‍ നിന്നും തൃശൂരിലേക്ക് ടിക്കറ്റെടുത്ത് കയറുമ്പോള്‍ ബസ്സില്‍ നല്ല തിരക്കുണ്ടായതിനാല്‍ കണ്ടക്ടറിന്റെ സമീപത്താണ് സീറ്റ് ലഭിച്ചത്. ചിരിച്ചും കളിച്ചും വീട്ടു വിശേഷങ്ങള്‍ പറഞ്ഞുമാണ് ഞങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് വരെ സമയം ചെലവഴിച്ചത്. തിക്കും തിരക്കും നിറഞ്ഞ ബസില്‍ ടിക്കറ്റ് നല്‍കിയ ശേഷം അരികില്‍ എത്തിയ അദ്ദേഹം പലപ്പോഴും തന്റെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തിരക്കിയത്. ഇടയ്ക്ക് എപ്പോഴോ ക്ഷീണം കാരണം മയങ്ങിയപ്പോള്‍ അദ്ദേഹം ടിക്കറ്റ് നല്‍കുന്നതിനായി കണ്ടക്ടര്‍ സീറ്റില്‍ നിന്നും മുന്നോട്ട് പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീലക്ഷ്മി പറയുന്നു.
അപകടത്തെ പറ്റി ശ്രീലക്ഷ്മി സമന്വയത്തോട് പറയുന്നതിങ്ങനെ ; ‘അപകടത്തിന്റെ ആഘാതത്തില്‍ ഒന്നുംതന്നെ ഓര്‍മയിലില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ആകെ മനസിലുള്ളത്. അതിനുശേഷം എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെയെല്ലാം ആംബുലന്‍സിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ചികിത്സകള്‍ നല്‍കിയിരുന്നു.- ഭീതിജനകമായ നിമിഷങ്ങളെ ഓര്‍ത്തെടുത്ത് കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു നിര്‍ത്തുന്നു.ബസിലെ മറ്റ് യാത്രക്കാരെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ബസിന്റെ വലതുഭാഗത്ത് ഇരുന്നവരെയാണ് അപകടത്തിന്റെ ആഘാതം കാര്യമായി ബാധിച്ചതെന്നും ശ്രീലക്ഷ്മി പറയുന്നു. കാലിന് നേരിയ പരിക്ക് മാത്രമേറ്റ ശ്രീലക്ഷ്മി ചികിത്സയ്ക്ക് ശേഷം തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണ് ചെയ്തത്. രക്ഷിതാക്കള്‍ എത്തിയ ശേഷം താന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു.