25.6 C
Kollam
Thursday, July 25, 2024
HomeRegionalCulturalകൊല്ലം തോടിന് ഇനിയെങ്കിലും ശാപമോക്ഷമില്ലേ? എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടിവരും!

കൊല്ലം തോടിന് ഇനിയെങ്കിലും ശാപമോക്ഷമില്ലേ? എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടിവരും!

കൊല്ലം നഗരത്തിന്റെ പരിഛേദമാണ് കൊല്ലം തോട്.
റാണി പാർവ്വതി ഭായിയുടെ കാലത്താണ് കൊല്ലം എന്നറിയപ്പെടുന്ന പാർവ്വതി പുത്തനാർ പണി ചെയ്യിക്കുന്നത്.
ക്രി.വ. 1824 നും 1829 നും മദ്ധ്യേയാണിത്. ദിവാൻ വെങ്കിട്ട റാവുവാണ് പണിക്ക് മേൽനോട്ടം വഹിച്ചത്.
” ഊഴിയ വേല ” സമ്പ്രദായത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ. അതായത്, കഞ്ഞിയും ചീനിപ്പുഴുക്കും കൊടുത്ത് മൂപ്പൻമാർ, പിന്നോക്ക പട്ടികജാതി വിഭാഗക്കാർ എന്നിവരെക്കൊണ്ട് പണം കൊടുക്കാതായിരുന്നു കനാൽ പണിതത്. ആ ഇനത്തിൽ 10,928 സർക്കാർ രൂപയായിരുന്നു ചെലവിനത്തിലായത്.
1755- 56 ൽ കൊല്ലത്ത് നിന്നും കായംകുളത്തേക്ക് രാമയ്യൻ ദളവായുടെ നേതൃത്വത്തിൽ തോട് പണി ചെയ്തിരുന്നു. അതുമായി ബന്ധിപ്പിക്കാൻ തെക്കു നിന്നും പഴയാർ എന്നൊരു തോടുണ്ടായിരുന്നു.
കിളികൊല്ലൂർ, മങ്ങാട് വഴി അത് അഷ്ടമുടിക്കായലിലാണ് പതിച്ചിരുന്നത്.
കൊല്ലം തോടിന് നഗരത്തിൽ ഏഴര കിലോ മറ്റെറാണ് നീളം. ഇരവിപുരം കച്ചിക്കടവിൽ നിന്നും അഷ്ടമുടിക്കായലുമായാണ് തോട് ബന്ധിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം – ഷൊർണ്ണൂർ ദേശീയ ജലപാതയുടെ ഭാഗമെന്ന നിലയിൽ ടി എസ് കനാൽ എന്നാണ് തോട് അറിയപ്പെടുന്നത്. തോട് നഗരത്തെ രണ്ടായി പകുത്തു കൊണ്ടാണ് കടന്ന് പോകുന്നത്.
ഒരു കാലത്ത് വേണാടിന്റെ വ്യാപാര – വ്യവസായ മണ്ഡലത്തിൽ മുഖ്യകണ്ണിയായിരുന്നു കൊല്ലം തോട് .തോടിലെ വെള്ളം കുടിക്കാൻ വരെ ഉപയോഗിക്കുമായിരുന്നത്രേ!
കെട്ടുവള്ളങ്ങൾക്ക് നിർബാധം സഞ്ചരിക്കാവുന്ന ജലപാത .
കേരള വർമ്മ വലിയകോയിതമ്പുരാന്റെ സന്ദേശകാവ്യത്തിൽ മയൂരത്തിന്റെ സഞ്ചാരപഥവും ഈ തോടാണെന്ന് വിവക്ഷിച്ചിട്ടുണ്ട്.
പണ്ടകശാല ഉണ്ടാവുന്നത് ഇതോടെയാണ്.
കൊടുങ്ങല്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും കെട്ടുവള്ളങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് ഇവിടെ കടവിൽ അടുപ്പിക്കുമായിരുന്നു. ചെളി കൊണ്ടുവരാൻ കഴിഞ്ഞതോടെ ഓട് വ്യവസായം കൊല്ലത്ത് പുഷ്ടിപ്പെടുത്താനായി. ശ്രീലങ്കയിൽ നിന്നും തുറമുഖം വഴി ഇറക്കുമതി ചെയ്തിരുന്ന “ജാൽഫാണം ” പുകയില ഈ തോട് വഴിയാണ് കേരളത്തിലെ മറ്റ് കമ്പോളങ്ങളിൽ എത്തിച്ചിരുന്നത്.
വഞ്ചിപ്പാട്ടും താളം കൊട്ടും തോടിന്റെ ഇരു കരകളിലും സദാ സ്പന്ദനമുണ്ടാക്കി.
രാത്രികാലങ്ങളിൽ പാനിസ് വിളക്കുകൾ മങ്ങി തെളിയുന്ന കേവ് വള്ളങ്ങൾ തെക്കോട്ടും വടക്കോട്ടും ഒഴുകി.
തോടിന് മീതെ ഇരുമ്പുപാലം, കല്ലുപാലം, പുകയില പണ്ടകശാല പാലം, പള്ളിത്തോട്ടം പാലം, കൊച്ചുപിലാംമൂട് പാലം എന്നീ അഞ്ച് പാലങ്ങളാണുള്ളത്.
ഇരുമ്പുപാലം 1956 ലാണ് കോൺക്രീററ്റ് പാലമാകുന്നത്.
കൊല്ലം തോടിന്റെ ഇന്നത്തെ സ്ഥിതി അത്യന്തം ശോചനീയമാണ്. നവീകരണത്തിന്റെ പേരിൽ വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങും എത്താത്ത അവസ്ഥയിൽ തുടരുകയാണ്.
ടൂറിസത്തിന് കൊല്ലത്തിന് അഭിമാനിക്കാവുന്ന ഒരു തോടാണിത്.
ഭരണാധികാരികൾ കൂടുതൽ സംഭാവനകൾ വിഭാവന ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സാക്ഷാത്ക്കാരത്തിന് ഇനി എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടിവരും?

- Advertisment -

Most Popular

- Advertisement -

Recent Comments