കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടെ?
രാജ്യം ഇങ്ങനെ പോയാൽ രാജ്യത്തിന്റെ ഗതിയെന്താകും ?
സമസ്ത മേഖലകൾ ഇതിനകം ലോക്ക് ഡൗൺ പോലെ ലോക്ക് ഡൗണിലായി. അനന്തരഫലം രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമാക്കാൻ പര്യാപ്തമായി. ആഗോള തലത്തിൽ എടുക്കുമ്പോൾ, സ്ഥിതി മറിച്ചല്ലെങ്കിലും അവരിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യയെന്ന രാജ്യം.
കേന്ദ്രം പല പദ്ധതികൾ ആസൂത്രണം ചെയ്യുന്നെങ്കിലും സാങ്കേതികമായി സമാശ്വാസമാണെങ്കിലും അതുകൊണ്ട് ഇതിന് പരിഹാരമാകുമോ?
പല ക്ഷേമ പദ്ധതികളും കേന്ദ്രം വിഭാവന ചെയ്തിട്ടുണ്ട്. അത് ഇപ്പോഴത്തെ സ്ഥിതിയിൽ പ്രാവർത്തികമാക്കിയാൽ രാജ്യനന്മയ്ക് ഒരു പരിധി വരെ ഉതകുമെന്ന് കരുതാം.
ഇവിടെ കേരളം എന്ന സംസ്ഥാനത്തിലോട്ട് എത്തുമ്പോൾ കോവിഡിന്റെ ഘടനയിൽ ആശ്വാസകരമായിരുന്നെങ്കിലും ഇപ്പോൾ ദിനംപ്രതി വഷളാവുകയാണ്.
പ്രവാസികളും അന്യസംസ്ഥാന മലയാളികളും എത്തി തുടങ്ങിയപ്പോൾ , പ്രായോഗികതയിൽ വിപരീത ഫലങ്ങൾ കണ്ടു തുടങ്ങിയത് ആശ്വാസത്തിനേറ്റ തിരിച്ചടിയാണ്. എന്ന് കരുതി അവർക്ക് ഇവിടെ അതായത്, ജനിച്ച നാട്ടിൽ തിരിച്ചെത്താൻ കഴിയില്ലെന്ന് പറയാനാവുമോ? തീർച്ചയായും അവരെ എത്തിക്കണം. പക്ഷേ, സർക്കാർ എടുക്കുന്ന രീതിയിൽ കൂടുതൽ നിഷ്ക്കർഷതയും പരിശോധനയും അവലംബിക്കേണ്ടത് അത്യന്തം അനിവാര്യമാണ്. ലക്ഷ്യ ബോധം ഇക്കാര്യത്തിൽ തീർച്ചയായും ഉണ്ടാവണം. വിലയിരുത്തലുകൾക്കല്ല പ്രാധാന്യം നല്കേണ്ടത്. പുലർത്തേണ്ട മാർഗ്ഗത്തിലാണ് ഊന്നൽ നല്കേണ്ടത്.
മാസ്ക്ക് നിർബ്ബന്ധമാക്കിയതുകൊണ്ടോ സാനിടൈസർ ഉപയോഗിച്ചതു കൊണ്ടോ കോവിഡിനെ ശരിയായ വിധത്തിൽ നിയന്ത്രണ വിധേയമാക്കാനാവില്ല. അത് തെല്ലൊരു പരിഹാരമെന്ന് മാത്രം.
സർക്കാരിനെയോ ബന്ധപ്പെട്ട വകുപ്പുകളെയോ വിമർശിക്കുകയല്ല ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ വെച്ച് കോവിഡിനെ ചെറുക്കാനുള്ള മാർഗ്ഗങ്ങളാണ് ഉരുത്തിരിയേണ്ടത്. അതിനാവണം പരിശ്രമിക്കേണ്ടത്. അല്ലാതെ , ഇരുട്ടി വെളുക്കുവോളം കോവിഡിനെതിരെ ഉറക്കമുഴിഞ്ഞിട്ട് കാര്യമില്ല.
എത്തുന്ന പ്രവാസികളെയും അന്യ സംസ്ഥാന മലയാളികളെയും പ്രായോഗിക പരിശോധനയിലൂടെ കർശനമായി നിരീക്ഷിച്ച്, പ്രത്യേക ഇടത്തിൽ ക്വാറന്റൈനിൽ വിധേയമാക്കേണ്ടതാണ്. അവർക്ക് വേണ്ടുന്ന എല്ലാവിധ സംവിധാനങ്ങളും സർക്കാർ ലാഭേഛ നോക്കാതെ ഒരുക്കി കൊടുക്കണം. അല്ലാതെ, നേരെ വീടുകളിൽ വിട്ട് ക്വാറന്റൈനിലാക്കുകയല്ല വേണ്ടത്. ഇതിൽ ഒരു വിട്ടു വീഴ്ചയ്ക്കും സ്ഥാനമില്ല.
ഇപ്പോഴത്തെ സ്ഥിതിവിവര കണക്കുകൾ എടുക്കുമ്പോൾ , കേരളം കോവിഡിന്റെ പോസിറ്റീവ് കേസുകളിൽ അനുദിനം വർദ്ധനവാണ് കാണിക്കുന്നത്. ഇത് കാര്യം അത്ര നിസ്സാരമല്ല. അങ്ങനെ കാണാനും പാടില്ല.
പോസിറ്റീവ് കേസുകൾ കൂടുന്തോറും ലോക്ക് ഡൗൺ ദിനങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കും. അത് ബാധിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും സമസ്ത മേഖലകളെയുമാണ്.
ഇക്കാര്യത്തിൽ പരിഹാരമായി വേണ്ടത് ഓരോ വ്യക്തിയുടെയും പങ്കാളിത്തമാണ്. അല്ലെങ്കിൽ, വ്യക്തികളുടെ കൂട്ടായ്മയാണ്.
അതിന് എല്ലാവരും ഒരു മനസ്സോട് കൂടി പ്രയത്നിച്ചെങ്കിൽ മാത്രമെ കോവിഡ് എന്ന മഹാമാരിയെ പൊരുതി അവസാനിപ്പിക്കാൻ കഴിയുകയുള്ളു.