ബുധനാഴ്ച മുതൽ കൊല്ലം കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ നിന്നും 65ഓളം ഷെഡ്യൂളുകൾ ക്രമീകരിക്കുന്നു.
ലോക്ക് ഡൗൺ ഇളവിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
കൂടുതലും ചെയിൻ സർവ്വീസ് ആയിരിക്കും.
യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും ബുധനാഴ്ച മുതൽ (3.06.2020) ബസ് ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
ക്രമീകരണത്തിലെ സാധ്യതകൾ മനസ്സിലാക്കി ഷെഡ്യൂളുകൾ കൂട്ടുന്ന കാര്യത്തിൽ നടപടി സ്വീകരിക്കും.
വിപരീത ഫലമാണെങ്കിൽ ഷെഡ്യൂളുകൾ വീണ്ടും വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബന്ധപെട്ടവർ പറഞ്ഞു.
സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ട്രിപ്പ് നടത്തുന്നത്.
കൊല്ലത്ത് നിന്നും തിരുവനന്തപുരം, ആലപ്പുഴ ഫാസ്റ്റുകൾ; ചെങ്ങന്നൂർ, പത്തനാപുരം ലിമിറ്റഡ് സ്റ്റോപ്പുകൾ എന്നിവയും ഷെഡ്യൂളിൽ പെടുത്തിയിട്ടുണ്ട്.
കൂടാതെ, കുളത്തുപുഴ, ദളവാപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ തുടങ്ങിയ ഭാഗത്തേക്കുള്ള ബസ്സുകളും ക്രമീകരിച്ചതായി ഡി റ്റി ഓ മെഹബൂബ് പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 5നാണ് ബസ്സുകൾ ഡിപ്പോയിൽ നിന്നും പുറപ്പെടുന്നത്. രാത്രി 9 ന് ഡിപ്പോയിൽ തിരിച്ചെത്തും.
തുടർന്ന് രാത്രിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല.
കൊട്ടാരക്കര, പുനലൂർ ഭാഗത്തേക്കും ആവശ്യാനുസരണം ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.