ഹൗസ് ബോട്ടുകൾ ശാപമോക്ഷം കാത്ത് അഷ്ടമുടിക്കായലിന്റെ ഓരത്ത് നിശ്ചലമായി കിടക്കുന്നു.
എല്ലാ ബോട്ടുകളും കീറി പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ്.
ഓളങ്ങൾ പോലും ഹൗസ് ബോട്ടുകളെ ചലനാത്മകമാക്കുന്നില്ല.
ഒരു ഡസനിൽ പരം ഹൗസ് ബോട്ടുകളാണ് ദയനീയതയുടെ മുഖവുമായി കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള അഷ്ടമുടിക്കായലിന്റെ ഓരത്ത് ദാരുണമായി കിടക്കുന്നത്.
വെള്ളത്തിൽ നിശ്ചലാവസ്ഥയിലായതിനാൽ ജീവനക്കാരുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. ജീവനക്കാർ എല്ലാം നിത്യ വേതനത്തിൽ കഴിയുന്നവരാണ്.
ലോക്ക് ഡൗൺ പ്രഖ്യാപനം വന്നതോടെ ജീവനക്കാരും ലോക്ക് ഡൗണിലായി.
ബോട്ട് ഉടമകളും നിസ്സഹായരാണ്.
ടൂറിസം പാടേ നിലച്ചതോടെ ഇനി അതിന് ശാപമോക്ഷം ഉണ്ടാകും വരെ ജീവനക്കാരും കാത്തിരിക്കേണ്ടിവരും.
യഥാർത്ഥത്തിൽ ജീവനക്കാരിൽ ഏറിയവരും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ്. കുടുംബം പോലും പുലർത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇവരുടെ പ്രാരാബ്ദങ്ങൾ കേൾക്കാൻ ആരുമില്ലെന്നതാണ് ഏറ്റവും വലിയ ദുര്യോഗം.
ഓരോ ഹൗസ് ബോട്ടിന്റെയും ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ വളരെ പരിതാപകരമാണ്.
ലക്ഷങ്ങൾ വിലമതിക്കുന്ന ഹൗസ് ബോട്ടുകൾ ഇനി അറ്റകുറ്റ പണി നടത്താതെ സവാരിക്ക് ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്.
അതിന് തന്നെ നല്ല സാമ്പത്തികം വേണ്ടി വരും.
മിക്ക ബോട്ടുടമകളും ജാമ്യം നല്കി ലോണെടുത്താണ് ഹൗസ് ബോട്ടുകൾ നിർമ്മിച്ചിട്ടുള്ളത്.
ഇനി ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ബോട്ടുടമകൾ.