26.4 C
Kollam
Tuesday, December 3, 2024
HomeMost Viewedഗണേഷ് കുമാര്‍ എം.എല്‍ എയുടെ ഓഫീസിലും സെക്രട്ടറിയുടെ വീട്ടിലും പോലീസ് റെയ്ഡ്

ഗണേഷ് കുമാര്‍ എം.എല്‍ എയുടെ ഓഫീസിലും സെക്രട്ടറിയുടെ വീട്ടിലും പോലീസ് റെയ്ഡ്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോണും സിമ്മും ലാപ് ടോപ്പും കണ്ടെത്തുന്നതിന്റെ ഭാഗമായി പത്തനാപുരത്തെ എം.എല്‍.എ ഓഫീസിലും പ്രദീപ് കുമാറിന്റെ കോട്ടത്തലയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. പത്തനാപുരം, കൊട്ടാരക്കര സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രദീപ് കുമാറിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ് .

കേസില്‍ അറസ്റ്റിലായതോടെ, പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗണേഷ് കുമാര്‍ പുറത്താക്കിയിരുന്നു. കേസിലെ സുപ്രധാന തെളിവുകള്‍ പ്രദീപിന്റെ മൊബൈല്‍ ഫോണിലാണുള്ളതെന്ന് കോടതിയില്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നു. റെയ്ഡ് നടക്കുമ്പോള്‍ ഗണേഷ് കുമാര്‍ ഓഫീസിലുണ്ടായിരുന്നില്ല. പ്രദീപ് കുമാറിന്റെ മാതാവും സഹോദരിയുമാണ് കുടുംബ വീട്ടിലുള്ളത്.

അവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങി.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കോടതി മാറ്റം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ലെന്നാണ് സര്‍ക്കാരിന്റെ ഹര്‍ജിയിലെ വാദം.

ഹൈക്കോടതി വിധി വന്നതോടെ, വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം . വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വിചാരണ കോടതി നല്‍കിയ അവസാന തീയതി ഇന്നാണ് . കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments