സ്പീക്കറെ ചോദ്യം ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കസ്റ്റംസ് നിയമോപദേശം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയത്. ഡോളർ കടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ് നിയമോപദേശമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ സലിൽ അഡീഷണൽ സോളിസിറ്റർ ജനറലിൽ നിന്ന് നിയമോപദേശം തേടിയത്. നിയമോപദേശം എത്രയും പെട്ടെന്ന് ലഭിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. സഭാസമ്മേളനം കഴിയുന്ന മുറയ്ക്കായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യലിന് വിധേയനാക്കുക.അതേസമയം, കസ്റ്റംസിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നൽകി സിപിഐഎമ്മിലെ രാജു എബ്രഹാം രംഗത്ത് വന്നിരുന്നു. . നിയമസഭാ സെക്രട്ടറിക്ക് കത്ത് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് നൽകിയത് സഭയുടെ അന്തസ് ഇടിയുന്നതിന് കാരണമായി എന്നായിരുന്നു നോട്ടിസിലെ ഉള്ളടക്കം.