27.4 C
Kollam
Thursday, November 21, 2024
HomeNewsതിയറ്ററുകൾ ഉടൻ തുറക്കില്ല; പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം

തിയറ്ററുകൾ ഉടൻ തുറക്കില്ല; പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം

ജനുവരി അഞ്ചിന് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ഉടനേ പ്രദർശനം തുടങ്ങേണ്ടെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകൾ. കോവിഡ് അടച്ചിടലിനെ തുടർന്ന് ഭീമമായ നഷ്ടവും ബാധ്യതകളും നേരിടുന്ന സിനിമാ മേഖലയ്ക്ക് പ്രത്യേകിച്ച് പ്രദർശനശാലകൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് തീയേറ്ററുകൾ തുറക്കേണ്ട എന്ന തീരുമാനം. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന പീയോക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയേറ്ററുകൾ തുറക്കേണ്ടെന്ന് തീരുമാനം എടുത്തത്.
തീയേറ്ററുകൾ തുറക്കാമെന്ന സർക്കാർ തീരുമാനത്തെ തീയേറ്റർ ഉടമകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇളവുകളുടെ കാര്യത്തിലുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. പ്രോഡ്യൂസർമാരുടെയും വിതരണക്കാരുടെയും തീയേറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിലിം ചേംബറിന്റെ യോഗത്തിലും തീയേറ്ററുടമകൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകൾ തുറക്കുമെന്ന പ്രഖ്യാപനം സിനിമാ പ്രേമികളിൽ പ്രതീക്ഷയ്ക്ക് വക നൽകിയെങ്കിലും തീയേറ്റർ ഉടമകളുടെ പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാക്കാതെ വന്നതോടെ ഈ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്‌.
അടച്ചിടൽ കാലത്തേതടക്കം ഭീമമായ വൈദ്യുത ബില്ലുകളാണ് ഓരോ തീയേറ്ററുകൾക്കും കുന്നുകൂടിയിരിക്കുന്നത്. ഇത് വലിയ ബാധ്യതകൾ വരുത്തി വെച്ചിട്ടുണ്ട്. ഇത് കൂടാതെ ജി.എസ്.ടി, ഫിക്സഡ് ചാർജ്ജ്, വിനോദ നികുതി അടക്കം വലിയ ബാധ്യതകൾ വേറേയുമുണ്ട്. ഈ സാഹചര്യത്തിൽ ഇളവുകളുണ്ടാകാതെ പ്രദർശനം തുടങ്ങിയാൽ കൂടുതൽ നഷ്ടത്തിലേക്ക് നീങ്ങുമെന്നാണ് തീയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. അയൽ സംസ്ഥാനങ്ങൾ തീയേറ്റർ മേഖലയുടെ ഉണർവ്വിനായി പ്രത്യേക പാക്കേജുകളും ഇളവുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളം ഇക്കാര്യത്തിൽ അനുകൂലമായ നടപടികളൊന്നും ഇതുവരെ എടുത്തിട്ടുമില്ല. അടുത്ത ശനിയാഴ്ച തീയേറ്റർ ഉടമകളുടെ സംഘടനയായ പിയോക്ക് ജനറൽ ബോഡി വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമാകും തുടർന്നും പ്രദർശനശാലകൾ തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ. ലക്ഷങ്ങൾ അഡ്വാൻസ് നൽകി വിതരണക്കാരിൽ നിന്നും ചിത്രങ്ങൾ പ്രദർശനത്തിന് എടുത്താൽ തീയേറ്ററുകളിൽ കാണികൾ വരുമോ, ആവശ്യമായ കളക്ഷൻ ലഭിക്കുമോ എന്നൊക്കെയുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുകയാണ്. മാത്രമല്ല മുമ്പ് റിലീസ് ചിത്രങ്ങൾ എത്തുമ്പോൾ അഞ്ചും ആറും ഹൗസ്ഫുൾ പ്രദർശനങ്ങൾ നടത്തിയാണ് കളക്ഷനുകൾ നേടിയിരുന്നത്. സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം അനുപാതത്തിൽ നിയന്ത്രണങ്ങളോടെ തീയേറ്ററുകൾ തുറന്നാൽത്തന്നെ ലക്ഷങ്ങൾ മുടക്കി റിലീസ് ചിത്രങ്ങൾ പ്രദർശനത്തിനെത്തിക്കുന്നത് തീയേറ്ററുടമകൾക്ക് കടുത്ത പരീക്ഷണമായിരിക്കും. നിലവിൽ നേരിടുന്ന പ്രതിസന്ധിക്ക് പുറമേ ഇങ്ങനെ പരീക്ഷണം നടത്തി കൂടുതൽ കൈപൊള്ളിക്കാനില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ. കഴിഞ്ഞ 19-ന് സർക്കാർ തീയേറ്റർ ഉടമകളുടെ ഓൺലൈൻ യോഗം വിളിച്ചിരുന്നെങ്കിലും അന്ന് തീയേറ്റർ തുറക്കാനുള്ള ആലോചന ഇല്ലാതിരുന്നതിനാൽ ഇത്തരത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. വരുന്ന 13-ന് തമിഴ് നടൻ വിജയുടെ മാസ്റ്റർ റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ സർക്കാർ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളത്തിൽ റിലീസിങ് ഉണ്ടാകാനിടയില്ല.
- Advertisment -

Most Popular

- Advertisement -

Recent Comments