ജില്ലയിലെ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളേയും നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. തെന്മല അണക്കെട്ടിലെ വെള്ളം തുറക്കുന്ന പശ്ചാത്തലത്തില്‍ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കില്‍ മാറ്റുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതാണ് ആദ്യഘട്ട പ്രവര്‍ത്തനം. താഴ്ന്ന മേഖലകളിലെ വെള്ളക്കെട്ട് പ്രദേശങ്ങളിലും സംഘത്തിന്റെ സേവനം വിനിയോഗിക്കും. ജില്ലാതലത്തില്‍ നടത്തുന്ന വിവിധ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായും പ്രവര്‍ത്തിക്കും.
വിവിധ സ്ഥലങ്ങളിലേക്കുള്ള വാഹനസൗകര്യം, ഇന്ധനം, ഡ്രൈവര്‍മാര്‍ എന്നിവരെയും നല്‍കിയിട്ടുണ്ട്. അതത് മേഖലകളിലെ തഹസില്‍ദാര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തദ്ദേശ സ്ഥാപന ഭാരവാഹികളും സംഘത്തിന്റെ പ്രവര്‍ത്തനത്തവുമായി സഹകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ അര്‍ക്കോണം നാലാം ബറ്റാലിയനാണ് ജില്ലയിലുള്ളത്. കുല്‍ജെന്ദര്‍ മൗന്‍, രവിന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 20 പേരുണ്ട്.