അത്തർ മണമുള്ള താമരപ്പൂവുകൾ
വി.ജയപ്രകാശ്
ആൽത്തറ മൂട്ടിൽ നിന്നു കയറിയ ആൺകുട്ടി എന്റെ സമീപത്താണ് വന്നിരുന്നത്. അത്തർ മണക്കുന്നുണ്ടായിരുന്നു അവനെ .ഞാൻ അവനു വേണ്ടി കുറച്ചു കൂടി ഒതുങ്ങിയിരുന്നു കൊടുത്തു. നന്ദി സൂചകമായി അവൻ എന്റെ നേരേ പുഞ്ചിരിച്ചു. റോസാപ്പൂവ് വിരിയും പോലെയുള്ള ആ ചിരി എനിക്കിഷ്ടപ്പെട്ടു. അവൻ എന്നോടു സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പുറം കാഴ്ചകളിലേയ്ക്ക് കൗതുകത്തോടെ നോക്കിയിരുന്ന അവൻ പെട്ടെന്നെന്നോടു ചോദിച്ചു
“സർ ഈ ആമിർ ഖാന്റെ സിനിമ ഓടുന്ന തീയറ്റർ ഏതാണെന്നു പറഞ്ഞു തരുമോ?”
ഞാൻ പുറത്തുള്ള ചുമരുകൾ പരതി. മലയാളം, തമിഴ് സിനിമകളുടെ പോസ്റ്ററുകളാണ് അധികവും.
ഉഷയിലും പ്രണവത്തിലും മലയാളമാണ്. ധന്യയിൽ മോഹൻലാലും രമ്യയിൽ നിവിൻ പോളിയും .കാർണിവലിലെ പോസ്റ്ററുകൾ എങ്ങും കാണാനുണ്ടായിരുന്നില്ല .പ്രിൻസിലും ഗ്രാൻഡിലും ഷോ നിർത്തിയിട്ട് നാൾ കുറച്ചായി. അർച്ചനയും ആരാധനയും പൂട്ടിയിട്ടിരിക്കുകയാണ്.
ഞാനെന്റെ തീയറ്റർ കാലത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. അവന്റെ കണ്ണുകളിൽ അതേ കൗതുകം .
പെട്ടെന്നെന്റെ നോട്ടത്തിലേയ്ക്ക് ജി.മാക്സിലെ സിനിമകളുടെ പോസ്റ്ററുകൾ വന്നു പെട്ടു. അവിടെ രണ്ട് സ്ക്രീനുണ്ട്. നാലും അഞ്ചും ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ചുവരുകളിൽ .പോസ്റ്റർ കണ്ട് തീയറ്ററിൽ ചെന്നിട്ടു കാര്യമില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പനെന്നു കണ്ടു ചെല്ലുമ്പോൾ ജാക്& ഡാനിയൽ ആയിരിക്കും. താക്കോൽ തേടി ചെന്നാൽ മാമാങ്കം .പലപ്പോഴും പറ്റിപ്പോയിട്ടുണ്ട് അബദ്ധം.
ഒടുവിൽ അവന്റെ ജാഗ്രത തന്നെ കണ്ടെത്തി ആമിർ ജി.മാക്സിൽ തന്നെ.
“സർ ജി. മാക്സ് എവിടെയാണെന്നു പറഞ്ഞു തരുമോ?”
“തീർച്ചയായും. ചിന്നക്കടയിൽ. ബിഷപ്പ് ജെറോംനഗറിൽ .പക്ഷേ ഒരു കുഴപ്പമുണ്ട്. നമ്മൾ ആമിർ ഖാനെ പ്രതീക്ഷിച്ചു ചെന്നാൽ മമ്മൂട്ടി പോലുമാകണമെന്നില്ല.”
“അല്ല സർ. ഇപ്പോൾ ആമിർ ഉണ്ടാകും.”
അവന്റെ കണ്ണിലും വാക്കുകളിലും വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു. സിനിമകളോടുള്ള അവന്റെ താത്പര്യം, ഹിന്ദി സിനിമകളോടുള്ള പ്രത്യേക മമത, ആമിർ ഖാനോടുള്ള ഇഷ്ടം. എല്ലാം അവന്റെ ഓരോ വാക്കിലും തുടിച്ചു നിന്നു.
സിനിമകളെക്കുറിച്ച് എന്നോടു സംസാരിക്കാൻ ഒരു കൊച്ചു കുട്ടിക്ക് താത്പര്യം തോന്നിച്ചത് എനിക്കും സന്തോഷം നൽകി. പദ്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയെ ഞാൻ ഓർത്തു പോയി .കോളേജ് കാലം ക്ലാസ് കട്ട് ചെയ്തു കണ്ട എണ്ണിത്തീർക്കാനാവാത്ത പടങ്ങൾ. ഭാഷാ ദേശ ഭേദങ്ങൾക്കപ്പുറം കണ്ണിലും മനസ്സിലും കോരി നിറച്ച സിനിമാ ഡയലോഗുകൾ, പാട്ടുകൾ . ബസ് കൺസഷൻ ടിക്കറ്റിനുള്ള പണം മിച്ചം പിടിച്ചു സ്വരുക്കൂട്ടി റിലീസിംഗ് ദിവസം തന്നെ കണ്ടു തീർത്തു വീരം നടിച്ച എത്ര ചലിക്കും ചിത്രങ്ങൾ. പേശും പടങ്ങൾ .ജീവിതം ഔദ്യോഗിക കാലവും പിന്നിട്ട് പടിയിറങ്ങുമ്പോഴും സിനിമകളോടുള്ള കമ്പം കുറഞ്ഞിട്ടില്ല തെല്ലും. നരകളെ കറുപ്പിൽ കുളിപ്പിച്ച് നഗരം ചുറ്റി നടക്കുമ്പോൾ വീണ്ടെടുക്കാനെന്നതിനേക്കാൾ കണ്ടെടുക്കാനിനിയുമെത്രയോ ബാക്കി എന്ന തോന്നലാണ്.
” ആമിർ ഖാനോടാണോ ഏറെയിഷ്ടം?”
“സൂപ്പറല്ലേ സർ. ഞാൻ വലിയ ഫാനാ. ലഗാനൊക്കെ ഞാനിപ്പോൾ നെറ്റ് ഫ്ലിക് സി ലിങ്ങനെ കണ്ടു നോക്കും. ഞാനൊക്കെ ജനിക്കുന്നതിനു മുമ്പിറങ്ങിയതല്ലേ ?അതു കൊണ്ട് തിയറ്റർ അനുഭവം കിട്ടിയിട്ടില്ല.”
അവൻ അവന്റെ പ്രായത്തിനപ്പുറമുള്ള പാകതയോടെ സിനിമയെക്കുറിച്ചു സംസാരിച്ചപ്പോൾ എനിക്കല്പം ആദരവു് തോന്നി അവനോട് .
” മലയാളം കാണാറില്ലേ ?”
“തീർച്ചയായും സർ. എങ്കിലും ദേശീയമായ ഒരു ഫീൽ നമുക്കുണ്ടാകുന്നത് ഹിന്ദി കാണുമ്പോഴാ .”
“ഓഹോ. അതു കൊളളാമല്ലോ ”
അവന്റെ ഭാഷാ മൗലികവാദം എനിക്കത്ര പിടിച്ചില്ല. പിന്നെ ആ ദേശീയ പ്രയോഗവും.
” അല്ല നീ മലയാളിയല്ലേ?”
“അതേ സർ. അമ്മ മലയാളം .പപ്പ യൂ.പി”
അവന്റെ ചോരയിലോടുന്ന ഹിന്ദി എനിക്കു തെളിഞ്ഞു കിട്ടി. ഞാൻ ആമിർ ഖാന്റെ സിനിമകളെക്കുറിച്ചാണ് ഓർത്തു പോയത്. ലഗാനിലെ മാനിന്റെ നിഷ്കളങ്കതയുള്ള മുഖത്തെ കാരുണ്യം. പി.കെ യിലെ അന്യഗ്രഹത്തിൽ നിന്നെത്തിയ ദൈവത്തിന്റെ മുഖമുള്ള മനുഷ്യൻ. ത്രീ ഇഡിയറ്റ്സിലെ കഥാപാത്രം. താരേ സമീൻ പറിലെ അധ്യാപകൻ. ദംഗലിലെ ഗുസ്തിക്കാരൻ. ആമിർ ഉയർത്തുന്ന പ്രതീക്ഷകൾ ചെറുതായിരുന്നില്ല. പലപ്പോഴും സിനിമയ്ക്കു പുറത്തുള്ള കാഴ്ചപ്പാടുകളും നിലപാടുകളും കൂടി ആദരണീയമായിരുന്നു.
പക്ഷേ വർത്തമാനകാല രാഷ്ട്രീയാവസ്ഥയിൽ വാക്കുകളിൽ നിന്ന് മൗനത്തിൽ പോയൊളിച്ചതിന്റെ പൊരുളിനോടു യോജിക്കുന്നതെങ്ങനെ ?മൗനം പൊട്ടിക്കിളിർക്കാത്ത വിത്താണെന്നു പറയാനാകില്ലെങ്കിലും .
“സർ എവിടെയാണ് ഇറങ്ങുന്നത്?”
“ഞാൻ ചിന്നക്കടയിൽ ”
“സർ എന്നോടൊപ്പം സിനിമയ്ക്കു വരുമോ?”
“സോറി. എനിക്കല്പം തിരക്കുണ്ട്. നിന്നെ ഞാൻ തിയറ്ററിലെത്തിക്കാം. എന്താ പോരേ ?”
അവന് സന്തോഷമായി.
എങ്കിലും എന്നോടൊപ്പം സിനിമ കാണണമെന്ന് അവനെ തോന്നിപ്പിച്ചതെന്താണ്?പത്ത് മിനിട്ടുപോലുമായിട്ടില്ല അവനെ ആദ്യമായി കണ്ടിട്ട്. ഇതാണ് ജീവിതത്തിലെ അദ്ഭുതം. താജ്മഹലും അംബരചുംബികളും ബഹിരാകാശ പേടകങ്ങളുമൊന്നുമല്ല .
പത്ത് മണിക്ക് വീട്ടിൽ നിന്നിറങ്ങി മേവറത്തു വന്ന് ബൈപ്പാസ് വഴിയുള്ള ഒരു യാത്ര. അതൊരു നിത്യശീലമായിരിക്കുന്നു. പ്രധാനമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേ ആഴ്ച തുടങ്ങിയ ശീലമാണ്. മേവറത്തു നിന്നു തുടങ്ങി ആൽത്തറ മൂട്ടിൽ വരെ. കടവൂർ പാലത്തിൽ നിന്നും കുരീപ്പുഴ പ്പാലത്തിൽ നിന്നുമുള്ള കായൽക്കാഴ്ചകൾ. തിളയ്ക്കുന്ന സൂര്യനും കോരിച്ചൊരിയുന്ന മഴയുമൊക്കെ വഴി മാറി നിൽക്കും. ആൽത്തറ മൂട്ടിൽ നിന്ന് ചിന്നക്കടയിലിറങ്ങി നിരത്തുകളിലൂടെ മെല്ലെ വെയിലും മഴയുമേറ്റ് മറ്റൊരു ടൗൺ ബസ്സിൽ കയറി മേവറത്തു തിരിച്ചെത്തുമ്പോൾ ഇന്ത്യ ചുറ്റി വന്ന തോന്നലാണ്. മേവറം മുതൽ ബൈപാസ് വഴി ആൽത്തറ മൂട്ടിൽ .അവിടെ നിന്ന് എൻ.എച്ച്. വഴി മേവറത്തു വന്നു ചേരുന്ന ഇന്ത്യ .അങ്ങനെയൊരു ഭൂപടം മനസ്സിൽ വരച്ചുകളിക്കുന്നത് അടുത്ത കാലത്തെ ഒരു കൗതുകമാണ്. ശരിക്കും അങ്ങനെയൊരു ഭൂപടം വരയ്ക്കാമോ എന്നറിയില്ലെങ്കിലും.
ചിന്നക്കടയിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിലിറങ്ങി നടക്കുമ്പോൾ ആൺകുട്ടിയുടെ മുഖത്ത് ആവേശം തിരതള്ളുന്നുണ്ടായിരുന്നു.
“എന്താ നിന്റെ അച്ഛന്റെ പേര്?”
നേരത്തേ ചോദിക്കാൻ വിട്ടു പോയതിൽ ക്ഷമ ചോദിച്ചു കൊണ്ട് അവനോട ന്വേഷിച്ചു.
“പ്രഭ. പ്രഭാകർ. പ്രഭാകർ നാഥ് യോഗി. ”
അവന്റെ മുഖത്തു നിന്ന് ഒരു സൂര്യൻ അപ്പോൾ പൊട്ടിവീഴുമെന്നു തോന്നി.
”അമ്മ ?”
” അമ്മ മരിച്ചു പോയി സർ.
പേര് ജഹ് നാര”
വാക്കുകളിൽ ഒരു കരിമേഘം പൊട്ടിവീണത് പെട്ടെന്നായിരുന്നു.
ഞാൻ അവനെ മെല്ലെ തൊട്ടു കൊണ്ടു നടന്നു. അവനിൽ തീയും മഞ്ഞും ഒരുപോലെ പകരുന്നുണ്ടോ എന്നെനിക്കു തോന്നി.
ബിഷപ്പ് ജെറോംനഗറിൽ ജി മാക്സിന്റെ ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോൾ അവൻ സഞ്ചിയിൽ നിന്ന് ഒരു പൂവ് എടുത്ത് എനിക്കു നീട്ടി. ഒരു താമരപ്പൂവ്. അത്രയും ചെറിയ താമരപ്പൂവ് ഞാനിതിനു മുമ്പ് കണ്ടിട്ടില്ലായിരുന്നു. ഞാനതു വാങ്ങി അവന്റെ സഞ്ചിയിലേയ്ക്കു നോക്കി. അതിൽ നിറയെ പിന്നെയും താമരപ്പൂക്കൾ.
ഞാൻ മെല്ലെ ആ പൂവിലേയ്ക്കു മുഖം ചേർത്തു. പൂവിൽ നിന്ന് അത്തറിന്റെ മൃദുവായ ഒരു സുഗന്ധം എന്നെ പൊതിയാൻ തുടങ്ങി .എന്റെ കൈകളിൽ അപ്രതീക്ഷിതമായി ചുംബിച്ച് അവൻ തീയറ്ററിന്റെ ഇരുളിലേയ്ക്കു മറഞ്ഞു.
ഒരു നഷ്ടബോധം. ഒരു വല്ലായ്മ എന്നെ തളർത്തി. ചിന്നക്കടയിലെ നിരത്തിലേയ്ക്കു തുറക്കുന്ന ബിഷപ്പ് ജെറോം നഗറിന്റെ ബാൽക്കണിയിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഞാനിരുന്നു. കൈയിൽ എന്തു ചെയ്യണമെന്നറിയാതെ ആ താമരപ്പൂവ്. ആലസ്യത്തെ ദൂരേയ്ക്കെറിഞ്ഞു കൊണ്ട് വലിയൊരു മുഴക്കം എന്റെ ശിരസ്സിലൂടെ കടന്നു പോയി. നിലവിളികളുടെ അകമ്പടിക്കൊപ്പം ഒരു തീ മല എന്റെ പിന്നിലൂടെ പാഞ്ഞു വരുന്നുണ്ടായിരുന്നു. അത്തറിന്റെ മണമുള്ള കുറച്ചു ചെന്താമരപ്പൂക്കൾ എന്നെ വന്നു മൂടുന്നതു ഞാനറിഞ്ഞു.
വി.ജയപ്രകാശ്
നെടുവിള വീട്
ആദിച്ചനല്ലൂർ പി.ഒ
കൊല്ലം
691573
Mob.949759 21 48
Email.vjpadnlr@gmail.com
