30.8 C
Kollam
Friday, April 19, 2024
HomeNewsഓച്ചിറക്കളി മിഥുനം 1,2 തീയതികളിൽ; പൊയ്പോയ രാജ ഭരണത്തിന്റെ അനുരണനങ്ങൾ

ഓച്ചിറക്കളി മിഥുനം 1,2 തീയതികളിൽ; പൊയ്പോയ രാജ ഭരണത്തിന്റെ അനുരണനങ്ങൾ

പടനിലത്തെ ഓച്ചിറക്കളി അപൂര്‍വ്വമായി നിലനില്‍ക്കുന്ന ഒരു അയോധനോല്‍സവമാണ്.വര്‍ഷം തോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.ഓച്ചിറക്കളിക്ക് ഓച്ചിറപ്പട  എന്നും പറയാറുണ്ട്. കളിയില്‍ പങ്കു കൊള്ളുന്നതിനും കളി കാണുന്നതിനും ദക്ഷിണ ഭാരതത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ വന്നുകൂടുന്നു. ഓച്ചിറക്കളിയില്‍ യോദ്ധാക്കളാകാൻ കളി ആശാന്‍മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ ഏതാണ്ടു രാവിലെ പത്ത്മണിയോടുകൂടി ഓച്ചിറ പടനിലത്ത് എത്തുന്നതാണ്. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികള്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കിഴക്കും പടിഞ്ഞാറുമായി അണി നിരക്കും. കരനാഥന്‍മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തില്‍ വൃഷഭ വാഹനം എഴുന്നള്ളിച്ചു പരബ്രഹ്മ രൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാര്‍ സംഘം ചേര്‍ന്നും ഒറ്റയായും കളിക്കായി പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ള എട്ടുകണ്ടത്തില്‍ ഇറങ്ങി കളി ആരംഭിക്കുന്നു. ഒത്തവരമ്പിലും കണ്ടത്തിലും ചുറ്റുമായി കളി കാണുന്നതിനു അനേകായിരങ്ങള്‍ തിങ്ങി നില്‍ക്കുന്നു.


അണിയിച്ചൊരുക്കിയ ഋക്ഷഭം

വടിയും വാളും പരിചയും മറ്റുമാണ് അഭ്യാസികളുടെ ആയുധങ്ങള്‍.അരയും തലയും മുറുക്കി ആയുധവും ധരിച്ച അഭ്യാസികള്‍ ഒത്തവരമ്പിന് ഇരുവശവുമുള്ള കണ്ടങ്ങളില്‍ ചാടി മൂന്നു നാല് മണിക്കൂര്‍  സമയത്തേക്കു അതിഭയങ്കരമായി  യുദ്ധംചെയ്യുന്നു.

തി …തി…തെയ്യ്…എന്നിങ്ങനെയുള്ള പോര്‍വിളിയും വിജയാട്ടഹാസവും മുഴക്കികൊണ്ടുള്ള യുദ്ധത്തില്‍ ആയുധങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ശബ്ദം വളരെ ദൂരത്തില്‍തന്നെ കേള്‍ക്കുവാന്‍ കഴിയുന്നതാണ്.

ആശാന്മാര്‍ ആശാന്മാരോടും ചിലപ്പോള്‍ ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ഒരു രാമരാവണ യുദ്ധം തന്നെയാണ് അരങ്ങേറുന്നത്.

ഗണപതി, സരസ്വതി, തൊട്ടുള്ള അങ്ക കേമങ്ങള്‍ ഊന്നിമറിഞ്ഞു വെട്ടി, എടമ്പിരി വലംപിരി  തിരിഞ്ഞു വെട്ടി, നേരോതിരം പാഞ്ഞു തിരിഞ്ഞു വെട്ടി, കുതിരപ്പാച്ചിലുമേ തിരിഞ്ഞു വെട്ടി, ആന തിരിപ്പ് മറിഞ്ഞു വെട്ടി പതിനെട്ടടവോളം വെട്ടി തെല്ലുപോലും കൂസാതെ , തളരാതെ അങ്കം വെട്ടു തുടരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, യുദ്ധമുള്‍പ്പെടെയുള്ള  എല്ലാവിധ യുദ്ധസമ്പ്രദായങ്ങളും ഒരേസമയത്തു നമുക്കിവിടെ കാണാന്‍ കഴിയും.ഏതൊരു ധീര പുരുഷനും ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് മാത്രമേ ഈ യുദ്ധങ്ങള്‍ കാണുവാന്‍ കഴിയുകയുള്ളൂ എന്നതും ഇവിടെ സ്മരണീയമാകുന്നു.

കളികള്‍ ഏതാണ്ട് ഉച്ചക്ക് ശേഷം അവസാനിപ്പിച്ചുകൊണ്ട് ഭരണസമിതിയുടെ സംഭാവന കിഴികളും സ്വീകരിച്ച്, ഭക്ഷണാനന്തരം അഭ്യാസികള്‍ പിരിഞ്ഞു പോകും.പ്രായേണ  എല്ലാ അഭ്യാസികളും രണ്ടു ദിവസവും കളിയില്‍ സംബന്ധിക്കാറുണ്ട്.

നിർഭാഗ്യമെന്നു പറയട്ടെ,ഓച്ചിറക്കളിയുടെ തനിമ നഷ്ട്ടപ്പെടുന്ന ഒരു സാഹചര്യമാണ് ഇന്ന് കാണുന്നത്.ഇപ്പോൾ ഇത് ഒരു ആചാരം മാത്രമായാണ് അരങ്ങേറുന്നത്.എന്നിരുന്നാലും ഓച്ചിറക്കളിയുടെ മഹാദ്മ്യം ഇങ്ങനെയെങ്കിലും നില നിന്ന് പോകുന്നത് ഒരു സംസ്കാരത്തിന്റെ പ്രതീകമായി കാണുമ്പോൾ പൊയ്‌പ്പോയ രാജഭരണത്തിന്റെ അനുരണനമാണ് ഉണർത്തുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments