ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ ടി എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേ സമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആയൂർ മാർത്തോമാ കോളേജ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. കോളേജിലെ അധ്യാപകരുടെയും പരീക്ഷാനിരീക്ഷകരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.
സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഇവർ പരിശോധിച്ചു. പരാതിക്കാരായ വിദ്യാർഥിനികളുടെ വീട്ടിൽ നേരിട്ട് എത്തി വിശദാംശങ്ങളും സംഘം ശേഖരിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ ആർ റിയാസിന്റെ നേതൃത്വത്തില്‍ സംഘത്തെ നേരിൽ കണ്ട് നിവേദനം നൽകി. അപമാനിതരായ വിദ്യാർഥികൾക്കായി പ്രത്യേക നീറ്റ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം.അതേസമയം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.