25.1 C
Kollam
Sunday, December 22, 2024
HomeNewsCrimeലഖിംപൂർഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

ലഖിംപൂർഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

ലഖിംപൂർ ഖേരി കൊലപാതക കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്നായിരുന്നു നിർദേശം. ഇതേ തുടര്‍ന്ന്, ഇരകളായ കർഷകരുടെ കുടുംബങ്ങളുടെ വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചുക്കൊണ്ടാണ് ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നത്. ഫെബ്രുവരിയിൽ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും, ഒരു മാധ്യമപ്രവർത്തകനും, ബിജെപി പ്രവർത്തകരും അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 9 നാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോൾ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദര്‍ ശുക്ലയും, മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് ദാസിന്‍റെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം. സംഭവം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നു. അബദ്ധത്തില്‍ വാഹനങ്ങള്‍ കര്‍ഷകരെ ഇടിക്കുകയല്ലായിരുന്നുവെന്നും ആസൂത്രിതമായ നീക്കമായിരുന്നുവെന്നും കുറ്റപത്രം പറയുന്നു. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം വെടിവെച്ചെന്നും കുറ്റപത്രത്തിലുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments