ബഫര്‍ സോൺ വിഷയത്തിൽ 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. 2020ലെ മന്ത്രിതല തീരുമാനം നിലനില്‍ക്കും. ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു. 2019 ലെ കാബിനറ്റ് തീരുമാനത്തിന് സാധുത നിലനില്‍ക്കുന്നുണ്ടെങ്കില്‍ സുപ്രിംകോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തടസമാകുമോ എന്നായിരുന്നു ഉയര്‍ന്നുവന്ന സംശയം. അത് പരിഹരിക്കുമെന്നും നേരത്തെ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫര്‍ സോണില്‍ സുപ്രിം കോടതയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.