28.7 C
Kollam
Thursday, March 28, 2024
HomeNewsവിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം; പരിശോധിക്കുമെന്ന് സിഡബ്ല്യുസി

വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം; പരിശോധിക്കുമെന്ന് സിഡബ്ല്യുസി

പാലക്കാട് സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം പരിശോധിക്കുമെന്ന് പാലക്കാട്‌ സിഡബ്ല്യുസി ചെയർമാൻ. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടി. വിദ്യാർത്ഥികളുടെ സുരക്ഷ, പരിചരണം എന്നിവയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.

വിദ്യാർത്ഥികൾ എസ്എഫ്ഐ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി അനിത പ്രതികരിച്ചു. അധ്യാപകരുടെ അറിവോടെയല്ല കുട്ടികൾ പുറത്ത് പോയത്. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു. കുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സ്കൂൾ വരുത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്‍റ് സുരേഷ് പറഞ്ഞു. സ്കൂളിന് പുറത്ത് നിന്നാണ് വിദ്യാർത്ഥികളെ സമരക്കാർ വിളിച്ചുകൊണ്ട് പോയത് എന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ഉയരുന്ന പരാതി.

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ ഇതിന് കൂട്ട് നിന്നെന്ന് യൂത്ത് കോൺഗ്രസും ആരോപിക്കുന്നു. അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്.

- Advertisment -

Most Popular

- Advertisement -

Recent Comments