കൊല്ലം മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ പ്രസവസമയത്ത് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് അഷ്ടമുടി ആശുപത്രി അധികൃതർ വിശദീകരിക്കുന്നു
മൈലക്കാട് സ്വദേശിയായ വിപിന്‍റെ ഭാര്യ ഹർഷയാണ് തിങ്കളാഴ്ച്ച പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ യുവതി മരിച്ചു. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാർ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.
നവജാത ശിശു ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോപണമുയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ വൈകിയില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.