കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കമ്പ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയത്. അഡീഷണൽ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിൻ്റെ പേരിൽ ഉത്തരവ് നൽകിയതിന്‍റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടിൽ പൊലീസ്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തൻ്റെ അറിവോടെയല്ലെന്നാണ് അഡീഷണൽ എസ് പിയുടെ വാദം.
കണ്ണൂർ പാനൂരിൽ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നൽകിയ കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്‍റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളിൽ പ്രദർശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു