28 C
Kollam
Thursday, December 5, 2024
HomeNewsCrimeപൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങി; മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങി; മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ(43)ആണ് അറസ്റ്റിലായത്. 2017 18ല്‍, പൊലീസുകാരായ സഹപ്രവര്‍ത്തകരെക്കൊണ്ട് പൊലീസ് സൊസൈറ്റിയില്‍നിന്ന് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

സഹപ്രവര്‍ത്തകരായ പലരില്‍നിന്നായി അഞ്ചുലക്ഷം മുതല്‍ 25 ലക്ഷംവരെ ഇയാള്‍ വാങ്ങി. സൊസൈറ്റിയില്‍ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15000 മുതല്‍ 25000 വരെയും വാഗ്ദാനംചെയ്താണ് ഇയാള്‍ പണം വാങ്ങിയത്.ആദ്യ ആറുമാസം ഇത്തരത്തില്‍ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്‍കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ മുങ്ങുകയായിരുന്നു. ചിലര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ 2019ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.

തട്ടിപ്പിനിരയായ കുറച്ചുപേര്‍ മാത്രമേ പരാതി നല്‍കിയിരുന്നുള്ളൂ. പരാതി പ്രകാരം, ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവരുന്നത്. എന്നാല്‍ ആറ് കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്ന് സൂചനയുണ്ട്. വകുപ്പുതല നടപടി ഭയന്ന്, പണം നല്‍കിയ പൊലീസുകാരില്‍ ഏറിയ പങ്കും പരാതി നല്‍കിയിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ പ്രതി മുങ്ങി. ഒടുവില്‍ ഇക്കൊല്ലം

ഇടുക്കി ഡിസിആര്‍ബി കേസന്വേഷണം ഏറ്റെടുത്തു.
ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം അമീര്‍ ഷായെ തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇടുക്കി ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ് ഐമാരായ മനോജ്, സാഗര്‍, എസ് സി പി ഒമാരായ സുരേഷ്, ബിജുമോന്‍ സി പി ഒമാരായ ഷിനോജ്, ജിജോ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments