26.2 C
Kollam
Sunday, December 22, 2024
HomeMost Viewedഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്; തിരുവല്ല താലൂക്ക് ആശുപത്രിയിൽ

ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്; തിരുവല്ല താലൂക്ക് ആശുപത്രിയിൽ

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. 8 ഡോക്ടർമാർക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആശുപത്രി സൂപ്രണ്ട് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.മന്ത്രിയുടെ സന്ദർശന സമയം ഡ്യൂട്ടിയിൽ ഇല്ലാത്തവർ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.മന്ത്രി എത്തിയപ്പോൾ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒ പിയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയിൽ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ ഡോക്ടർമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടർമാരെ കുറ്റക്കാരാക്കുന്നതിലും വസ്തുതകൾ തമസ്കരിച്ച് തിരുവല്ല താലൂക്കാശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ ‘ജനക്കൂട്ട വിചാരണയിലും’ കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉടനീളം നിലനിൽക്കുന്ന ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും കെജിഎംഒഎ പല പ്രാവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. മന്ത്രിയെ നേരിട്ട് തന്നെ ഈ വസ്തുതകൾ അറിയിച്ചതാണ്. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വർധനവിനാനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി നമ്മുടെ സർക്കാർ ആശുപത്രികൾ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികളും പലതവണ ഉചിത മാർഗ്ഗ രൂപയാണ് അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ സംവിധാനങ്ങൾ വഴി ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കാതെ, ആശുപത്രി മേധാവികൾ മറ്റു ഫണ്ടുകൾ കണ്ടെത്തി

മരുന്നുകൾ വാങ്ങണം എന്ന നിലവിലെ നിർദേശം തീർത്തും അപ്രായോഗികമാണ്‌. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ഥാപന മേധാവികൾ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നുകൾ വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ അല്ല നിലവിലുള്ളത്. മരുന്നുകളുടെ വാർഷിക ഇൻഡന്റ് കൊടുത്തതിനു ശേഷം മറ്റു മാർഗങ്ങളിലൂടെ മരുന്നുകൾ വാങ്ങുന്നതും, മുൻ വർഷങ്ങളിൽ ഓർഡർ ചെയ്ത മരുന്നുകൾ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികൾക്ക് ഓഡിറ്റ് തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുന്ന അങ്ങേയറ്റം ഗൗരവതരമായ സാഹചര്യവും നിലനിൽക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകൾ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ക്രിയാത്മകമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് എന്ന് KGMOA ആവശ്യപെടുന്നു.

വസ്തുതകൾ ഇതായിരിക്കെ മന്ത്രി തിരുവല്ല ആശുപത്രി സന്ദർശനത്തിൽ പൊതുജനങ്ങളുടെ മുന്നിൽ വച്ച് മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടർമാർ നേരിടുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പൊതുവെ ഡോക്ടർമാരുടേതുൾപ്പടെ മാനവ വിഭവ ശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത് എന്നത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതിനു പുറമെ ഡോക്ടർമാരുടെ നൂറ്റമ്പതോളം ഒഴിവുകൾ ദീർഘനാളായി നികത്താതെ നിൽക്കുന്നു. മുൻ വർഷങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കുന്ന വർഷകാല സമയത്ത് അധിക ഡോക്ടർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയും ഈ വർഷം ഉണ്ടായിട്ടില്ല. ഒ പി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികൾ ഉള്ള ഡോക്ടർമാർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒ പി യിൽ ഉണ്ടായിട്ടും ഇന്നലെ മന്ത്രിയുടെ സന്ദർശന വേളയിൽ തിരുവല്ലയിൽ നടന്ന സംഭവങ്ങൾ അമിത ജോലിഭാരം ആത്മാർത്ഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണ്. അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാതെ ഡോക്ടർമാരെ പ്രതിസ്ഥാനത്തു നിർത്തി ബലിയാടാക്കുന്ന സമീപനം തീർത്തും പ്രതിഷേധാർഹവും സാമാന്യനീതിക്കു നിരക്കാത്തതും ആണ്. ഇതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു. ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കുകയും ഇല്ലെന്നും കെ.ജി.എം.ഒ. എഅറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments