ഇ.ഡിയുടെ കളി തോമസ് ഐസക്കിനോട് വേണ്ട. ഇനി ഹാജരാകണമെങ്കിൽ അതിന് ഇ.ഡി വ്യക്തത വരുത്തണം.കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ല. എന്തിന് ഹാജകാരണം എന്ന കാര്യത്തിൽ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് കത്തയച്ചു.
കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ലെന്നാണ് തോമസ് ഐസകിന്‍റെ മറുപടി. ഇ മെയിൽ വഴിയാണ് തോമസ് ഐസക് മറുപടി നൽകിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തോമസ് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എന്ത് സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് മറുപടിക്കത്ത് നൽകുകയായിരുന്നു. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് തോമസ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.