അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ യുഎഇയിൽ നിശ്ചയിച്ച പ്രീ സീസൺ സന്നാഹമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് കളിക്കാനാകാത്തത് ഐഎസ്എല്ലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി.
വിലക്ക് തീരുംവരെ ഇന്ത്യയുമായുള്ള എല്ലാ ഫുട്ബോൾ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഫിഫ മറ്റ് അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.
ഇതോടെയാണ് യുഎഇയിൽ നിശ്ചയിച്ച മൂന്ന് സന്നാഹമത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുക.യുഎഇയിൽ കേരള ബ്ലാസ്റ്റേഴ്സ് ഈമാസം 20, 25, 28 തീയതികളില്‍ സന്നാഹമത്സരത്തിന് ഇറങ്ങും എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്.
വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും.