സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കുന്നു എന്ന തനിക്കെതിരായ സിപിഐ ജില്ലാ സമ്മേളനങ്ങളിലെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരസ്പരം കലഹിച്ച് തീർക്കേണ്ടവരല്ല ഇടതു പാർട്ടികളെന്ന് കാനം പറഞ്ഞു. 1980 മുതൽ എൽഡിഎഫിൽ സജീവ സാന്നിധ്യമാണ് സിപിഐ. ആ മുന്നണിയെ ശക്തിപ്പെടുത്തുന്ന ഉത്തരവാദിത്തം സിപിഐക്ക് ഉണ്ട്. മുന്നണിയിൽ ഒരുമിച്ച് ഉണ്ടാകുമ്പോൾ സുഖ ദുഃഖങ്ങൾ ഒരുമിച്ചു പങ്കിടണം. അതിനിടയിൽ സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
സിപിഐയും സിപിഎമ്മും മാത്രമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കുന്നത്. ഇടതുപക്ഷ പാർട്ടികൾ തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണ്. ഈ ഇടതുപക്ഷ പാർട്ടികളുടെ ഐക്യം കൊണ്ടുവരാൻ പരിശ്രമിക്കണമെന്നും സിപിഐ തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു. 2014 മുതൽ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞു വരികയാണ്. 2022 ആയപ്പോഴേക്കും കേരളത്തിൽ മാത്രമായി ഇടതുപക്ഷം ഒതുങ്ങി. പാർലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം കുറഞ്ഞു.
ബിജെപി നാടിന്റെ ദിശ മാറ്റി വിടാൻ ശ്രമിക്കുകയാണ്. മതനിരപേക്ഷ സങ്കൽപ്പം യൂറോപ്യൻ ആശയം എന്ന് വിശ്വസിക്കുന്ന പാർട്ടി ആണ് ബിജെപി. പ്രതിപക്ഷത്ത് ഉള്ളവരെ ഭിന്നിപ്പിച്ച് നിർത്തിയാണ് ബിജെപി അധികാരത്തിൽ തുടരുന്നത്. ബിജെപിക്ക് എതിരെ വിശാലമായ ശക്തികളുടെ ഐക്യം ഉറപ്പിക്കണമെന്നും കാനം ആവശ്യപ്പെട്ടു.