29.5 C
Kollam
Monday, April 28, 2025
HomeNewsകശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്; 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും

കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്; 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും ഈ വര്‍ഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കുന്നതിന് തീരുമാനമായി. നിയമസഭാ കോംപ്ലക്‌സിലെ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയുടെയും പി രാജീവിന്റെയും സംയുക്ത സാന്നിദ്ധ്യത്തില്‍ നടന്ന കശുവണ്ടി വ്യവസായ ബന്ധ സമിതിയിലാണ് ബോണസ് തീരുമാനമായത്.

ബോണസ് അഡ്വാന്‍സ് കുറച്ചുള്ള ഈ വര്‍ഷത്തെ ബോണസ് തുക അടുത്ത ജനുവരി 31ന് മുമ്പ് തൊഴിലാളികള്‍ക്ക് നല്‍കും. ഈ വര്‍ഷം ലഭ്യമാകുന്ന ബോണസ് തുക അഡ്വാന്‍സായി കൈപ്പറ്റിയ തുകയേക്കാള്‍ കുറവാണെങ്കില്‍ അധിക തുക ഓണം ഇന്‍സെന്റീവായി കണക്കാക്കുന്നതിനും സമിതിയില്‍ തീരുമാനമായി. എന്നാല്‍ തൊഴിലാളിയുടേതായ കാരണത്താല്‍ ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് ബോണസ് തുകയില്‍ കുറവ് വരുന്നതെങ്കില്‍ ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കും.

കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാന്‍സ് ബോണസായി സെപ്തംബര്‍ മൂന്നിനകം നല്‍കുന്നതിനും സമിതിയില്‍ തീരുമാനമായി. ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വാന്‍സ് ബോണസ് നിര്‍ണയിക്കുക. ജൂലായ് 31 വരെ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ തുകയും മറ്റുള്ളവര്‍ക്കും ആനുപാതികമായും അഡ്വാന്‍സ് ബോണസ് അനുവദിക്കും.

യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍ നവ്‌ജോത് ഖോസ, അഡീ ലേബര്‍ കമ്മിഷണര്‍മാരായ രഞ്ജിത് പി മനോഹര്‍, കെ ശ്രീലാല്‍, കെ.എം സുനില്‍,കശുവണ്ടി വ്യവസായ ബന്ധ സമിതി അംഗങ്ങളും പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments