28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപപ്പട യുദ്ധത്തിന് പിന്നാലെ തേനിയിൽ വിവാഹത്തർക്കം; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിച്ചു

പപ്പട യുദ്ധത്തിന് പിന്നാലെ തേനിയിൽ വിവാഹത്തർക്കം; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിച്ചു

ആലപ്പുഴയിലെ പപ്പട കലാപത്തിന് പിന്നാലെ തേനിയിൽ വിവാഹത്തർക്കത്തെ തുടർന്ന് അതിക്രമം. പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വധൂവരന്മാരുടെ വാഹനത്തിന് യുവാവ് തീകൊളുത്തി. തേനിയിലെ ചിന്നമന്നൂർ സ്റ്റേഷനു മുന്നിലാണ് സംഭവം. തേനിയിൽ നടന്ന ഒരു പ്രണയവിവാഹമാണ് വലിയ ആക്രമണത്തിലേക്കെത്തിയത്. പ്രണയ വിവാഹത്തെ എതിര്‍ത്ത പെൺകുട്ടിയുടെ സഹോദരൻ വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.

പ്രണയ വിവാഹത്തെ തുടർന്ന് പെണ്‍കുട്ടിയുടെ കൂട്ടരും വരന്റെ കൂട്ടരം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വധൂവരന്മാരും ബന്ധുക്കളുമായി സ്റ്റേഷനിൽ ചർച്ച നടക്കുന്നതിനിടെയാണ് യുവതിയുടെ സഹോദരൻ വാഹനം പെട്രോൾ ഒഴിച്ച് തീയിട്ടത്. ചിന്നമന്നൂർ തേരടി തെരുവിൽ പാണ്ടിയുടെ മകൾ മല്ലികയും മുറച്ചെറുക്കൻ ദിനേഷ് കുമാറും ആണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

വിവാഹത്തിന് വീട്ടുകാർ എതിരായതോടെ ബന്ധുക്കളിൽ ചിലരുടെ സഹായത്തോടെയാണ് ഇവർ വീരപാണ്ടി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചത്.എന്നാല്‍ വിവരമറിഞ്ഞ് ബന്ധുക്കളെത്തി പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇരുവരും വിവാഹശേഷം ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പൊലീസ് ഇരുവരുടെയും ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് പുറത്തിറങ്ങിയ മല്ലികയുടെ സഹോദരൻ നല്ല പെരുമാൾ സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്രയുടെ എസ് യുവിയായ സ്കോർപിയോ കാര്‍ പെട്രോൾ ഒഴിച്ച് കത്തിച്ചത്.

ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഡിഎംകെ നേതാവാണ് നല്ല പെരുമാളെന്നാണ് വിവരം. കാര്‍ കത്തിച്ചതിന് ശേഷം സ്ഥലം വിട്ട നല്ല പെരുമാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വധുവിനെ പൊലീസ് വരന്റെ കൂടെ അയച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments