സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയറിയിച്ചാണ് പരാതിക്കാരി ഹൈക്കോടതിയിൽ പരാതി നൽകിയത്. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആറ് കേസുകൾ രെജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സോളാർ കേസിൽ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതി.