സിവിക് ചന്ദ്രൻ കേസിലെ ജഡ്ജിയുടെ ട്രാൻസ്ഫർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാർ നൽകിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, മൊഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ബെഞ്ചിന്ടെതാണ് ഉത്തരവ്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സ്ഥലം മാറ്റത്തിൽ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്.
ചുമതല നൽകുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നും മുൻവിധികൾ വേണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടെതെന്ന് പറഞ്ഞ കോടതി, സ്ഥലം മാറ്റ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ് കൃഷ്ണകുമാര്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.