27.8 C
Kollam
Friday, March 29, 2024
HomeNewsCrimeഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് പേരെ സസ്‌പെന്‍റ്...

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് പേരെ സസ്‌പെന്‍റ് ചെയ്തു

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങൾക്കെതിരാണ് ഇവർ പ്രവർത്തിച്ചതെന്നും കെ സുധാകരൻ പ്രതികരിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി.

പ്രദേശിക കോൺഗ്രസ് നേതാക്കളാണ് കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം. സംഭവത്തിൽ കടയുടമ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് നൽകുന്ന മറുപടി.

അതേസമയം, ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്. രാവിലെ ആറരയോടെ പോളായത്തോട് നിന്നുമാണ് യാത്ര തുടങ്ങിയത്. ജാഥയുടെ തുടക്കത്തിൽ ക്രമീകരണം പാളിയത് സുരക്ഷാ ജീവനക്കാരെയടക്കം വെട്ടിലാക്കി. രാഹുൽ ഗാന്ധി ജാഥക്കായി എത്തിയപ്പോഴും യാത്രക്കുള്ള ക്രമീകരണം ഡിസിസി പൂർത്തിയാക്കിയിരുന്നില്ല.

ഇതിൽ നീരസം പ്രകടമാക്കിയ രാഹുൽ ഗാന്ധി നടന്ന് നീങ്ങുകയായിരുന്നു. യാത്രക്ക് നീണ്ടകരയിൽ ആവേശകരമായ സ്വീകരണമാണ് മത്സ്യ തൊഴിലാളികൾ നൽകിയത്. ഉച്ചയ്ക്ക് ശേഷം കശുവണ്ടി തൊഴിലാളികളുമായും ആർഎസ്പി നേതാക്കളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5 മണിക്ക് ചവറയിൽ നിന്നാണ് വീണ്ടും പദയാത്ര തുടങ്ങുക.

- Advertisment -

Most Popular

- Advertisement -

Recent Comments