28.1 C
Kollam
Thursday, January 23, 2025
HomeNewsഇറാനില്‍ തുടരുന്ന പ്രതിഷേധം; രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

ഇറാനില്‍ തുടരുന്ന പ്രതിഷേധം; രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

ആഴ്ചകളായി ഇറാനില്‍ തുടരുന്ന പ്രതിഷേധത്തിനിടെ ഇന്നലെ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇതോടെ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു.

കുര്‍ദ് വംശജയായ 22 വയസുകാരി മഹ്സ അമിനി, സഹോദരനൊപ്പം ടെഹ്റാനിലെത്തിയപ്പോള്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപൊലീസ് ഇവരെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കിയിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ സെപ്തംബർ 16 ന് മഹ്സ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്.

രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇറാന്‍ പൊലീസ് രംഗത്തെത്തിയിരുന്നു.
കുർദിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ സാനന്ദാജിൽ നടന്ന പ്രതിഷേധത്തിനിടെ ശനിയാഴ്ച ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) അംഗവും ബാസിജ് അർദ്ധസൈനിക വിഭാഗത്തിലെ ഒരു അംഗവും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധങ്ങളിൽ IRGC, ബാസിജ്, തുടങ്ങിയ സുരക്ഷാ സേനയിലെ 20 അംഗങ്ങൾ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സുരക്ഷാ സേന നിരവധി സ്കൂൾ കുട്ടികളെ സ്കൂൾ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, കുർദിസ്ഥാനിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇറാനിയൻ അധികൃതർ അടച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments