മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണ്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ് മണിച്ചൻ.
മറ്റു കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ കേസ്. പിഴ തുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ച നഷ്ടമായവർക്കും അടക്കം നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനം പറഞ്ഞു. ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് ആണ് സത്യവാങ് മൂലം ഫയൽ ചെയ്തത്.നേരത്തെ ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. മൂന്നാഴ്ച്ചകം മറുപടി നൽകാനായിരുന്നു നിർദേശം. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പർഡിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ഉഷയുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.