25.2 C
Kollam
Wednesday, February 5, 2025
HomeNewsCrimeകിളികൊല്ലൂര്‍ മൂന്നാംമുറ; സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്

കിളികൊല്ലൂര്‍ മൂന്നാംമുറ; സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്

കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്. സസ്പെന്‍ഷനിലായ എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. സംഭവസമയത്ത് സിഐയും എസ്ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരണം.

സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ എസ് ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളിൽ തന്നെ ഭിന്നതയെന്നാണ് വിവരങ്ങള്‍. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് വിഘ്നേഷ് ഇന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

അതേസമയം പൊലീസ് മര്‍ദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്‍റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്‍റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ഓഗസ്റ്റ് 25 ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പില്‍ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം.

സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. അതേസമയം എൻ കെ പ്രേമചന്ദ്രൻ എം പി വഴി സൈനികനെ മര്‍ദ്ദിച്ചതിൽ പ്രതിരോധ പ്രതിരോധ മന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

- Advertisment -

Most Popular

- Advertisement -

Recent Comments