കണ്ണൂർ പാനൂരിൽ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും പ്രണയത്തിന്റെ പേരിലുള്ള പകയെന്ന് സംശയം. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി മുഖംമൂടി ധരിച്ചെത്തിയത്. പ്രതി മുഖംമൂടി ധരിച്ചാണ് വന്നതെന്ന് സമീപവാസിയുടെ മൊഴിയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ സംഭവസ്ഥലത്തേക്ക് തിരിച്ചു.