സൗന്ദര്യ സംരക്ഷണത്തിൽ മുടിക്കുള്ള പ്രാധാന്യം ഏറെ വലുതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ഏറ്റവും വലിയ ശത്രുവും താരനാണ്. യുവതി യുവാക്കളിൽ ചില്ലറ പ്രശ്നങ്ങല്ല ഇത് സൃഷ്ടിക്കുന്നത്. ഒരിക്കൽ വന്നു കഴിഞ്ഞാൽ താരൻ പൂർണ്ണമായും മാറാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും കൂടുതൽ പരിചരണത്തിലൂടെ ഒരു പരിധി വരെ മാറ്റാനാകും.
മുടി കൊഴിച്ചിലിന് പുറമെ താരൻ പല അലർജിക്കും കാരണമാകുന്നു. മുഖത്തിലും കഴുത്തിലും ചർമ്മം കറുപ്പ് നിറമാകുകയും നിറയെ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. ചിലപ്പോൾ കഴുത്തിലും തലയിലും മുഴകൾ വരെയുണ്ടാവാം. കഷണ്ടിയാവാൻ കൂടുതൽ സാധ്യതയുമാകുന്നു. കൂടാതെ, മുടി നന്നായി കൊഴിയുകയും ചെയ്യും.
നേരത്തെ സൂചിപ്പിച്ച പോലെ താരൻ ഒരിക്കൽ വന്നു കഴിഞ്ഞാൽ, ചികിത്സിച്ചാലും പിന്നെയും തിരിച്ച് വരാൻ സാധ്യത ഏറെയാണ്.
താരൻ വന്നവർ ശരിയായ രീതിയിൽ പരിചരിക്കേണ്ടതാണ്. ഇവർ ഉപയോഗിക്കുന്ന തലയിണ ഉറകളും ഷീറ്റുകളും തിളച്ച വെള്ളത്തിൽ ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്. മറ്റൊരാൾ ഉപയോഗിച്ച ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക. ചർമ്മത്തിനനുസരിച്ചാണ് ചികിത്സ നല്കേണ്ടത്. വരണ്ട തൊലിയുളളവർക്കും എണ്ണമയമുള്ള ചർമ്മമുള്ളവർക്കും പ്രത്യേകം ചികിത്സയാണ് വേണ്ടത്.
വരണ്ട താരൻ ഉള്ളവർക്ക് താരൻ തലയിൽ പൊടിപൊടിയായി കാണപ്പെടുന്നു. ഇത് സാധാരണ ഗതിയിൽ ചൊറിച്ചിൽ ഉണ്ടാക്കും. പൊഴിഞ്ഞ് മുഖത്തേക്ക് വീഴുന്നതിനാൽ പുരികം, കൺപീലികൾ എന്നിവയ്ക്ക് മുടി കൊഴിച്ചിൽ ഉണ്ടാവാം. അതുപോലെ കുരുക്കൾ ഉണ്ടാവാനും സാധ്യതയുണ്ട്. ഇക്കൂട്ടർ വളരെ ശ്രദ്ധിക്കണം. ഇവരിൽ നിന്നും മറ്റുള്ളവർക്കും താരൻ പകരാം. അതുകൊണ്ട് ഇവർ ഉപയോഗിക്കുന്ന ടവ്വൽ, ചീപ്പ് മറ്റ് സാധനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
താരനുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ
പ്രധാനമായും വൃത്തിയില്ലായ്മയാണ്. ഭക്ഷണ രീതി, കെമിക്കൽ അടങ്ങിയ ഷാംപുവിന്റെ ഉപയോഗം എന്നിവയും തുല്യ പ്രാധാന്യം അർഹിക്കുന്നു. മാനസിക പിരിമുറുക്കവും മറ്റൊരു കാരണമാണ്. കോസ്മെറ്റിക്ക്സിന്റെ അമിതമായ ഉപയോഗവും മദ്യപാനവും താരൻ വർദ്ധിപ്പിക്കും. കൂടാതെ, ഹെയർ സ്പ്രേകൾ, ജെല്ലുകൾ എന്നിവയുടെ അമിത ഉപയോഗം, അശാസ്ത്രീയമായ രീതിയിലെ ഡൈകളുടെ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം, ഇറുകിയ തൊപ്പികളുടെ ഉപയോഗം, എണ്ണകളുടെ ശരിയായ രീതിയിലല്ലാത്ത ഉപയോഗം എന്നിവയും കാരണങ്ങളുടെ കൂട്ടത്തിൽ പെടുന്നു.
താരന്റെ ചികിത്സ
തലയോട്ടിയിലെ ഓസോൺ ചികിത്സ, ഹോട്ട് ഓയിൽ ചികിത്സ, ഹെർബൽ ഷാംപൂ, ആൻറി സെപ്റ്റിക് ഉപയോഗിക്കൽ, ഹെന്ന ചികിത്സ എന്നീ രീതികൾ അവലംബിച്ച് ഒരു പരിധി വരെ താരൻ ചികിത്സ നടത്താവുന്നതാണ്.
തുടക്കത്തിൽ തന്നെ ചികിത്സ നടത്തിയാൽ സങ്കീർണ്ണമാകാതെ നോക്കാം.
പരിചയ സമ്പന്നയും ക്വാളിഫൈഡായിട്ടുള്ള ഒരു ബൂട്ടിഷ്യനിൽ നിന്നോ അല്ലെങ്കിൽ, ഒരു ത്വക്ക് രോഗ വിദഗ്ദനെയോ കണ്ട് പരിചരിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.
ഏതായാലും താരൻ എന്നത് ഒരു വൃത്തികെട്ട പ്രതിഭാസമാണ്. അത് കൂടുതൽ വഷളായാൽ സോറിയാസിസ് എന്ന അസുഖത്തിലേക്കും എത്തിക്കൂടെന്നില്ല.
തലയോട്ടിയിൽ പൊറ്റ പിടിച്ച്, കൂടുതൽ സങ്കീർണ്ണമായി ഇങ്ങനെ ഒരു മാറ്റം ഭാവിയിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.