സംഗീത സംവിധായകനായിരുന്ന രവീന്ദ്രനെ മലയാള സിനിമാ സംഗീതത്തിന് ഒരിക്കലും മറക്കാനാവില്ല. വരികളിലെ സംഗീതം ഇഴചേരുമ്പോൾ അത് അനുഭൂതിയായി മാറും. ഒരു വല്ലാത്ത മാസ്മരികത. ഒരു പ്രത്യേക ശൈലി. ശരിക്കും പറഞ്ഞാൽ രവീന്ദ്രൻ സംഗീതം നല്കിയ മിക്ക ഗാനങ്ങളും ശുദ്ധ സംഗീതത്തിന്റെ, മെലഡിയുടെ അനുഭൂതി പകരുന്നതായിരുന്നു.
രവീന്ദ്രന് ഒരു ഗായകനായിരുന്നു ആഗ്രഹം. സംഗീതം പഠിക്കാൻ തിരുവന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളേജിൽ ചേർന്നു. നിത്യ ദാരിദ്ര്യം. വല്ലാത്ത അവസ്ഥ. കഷ്ടപ്പാടുകൾ ഭാവി ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ടു. ഗാന ഗന്ധർവൻ യേശുദാസ് രവീന്ദ്രന്റെ ബാച്ചുകാരനായിരുന്നു.
കോഴ്സ് കഴിഞ്ഞെങ്കിലും പാടാനോ സംഗീതം നല്കാനോ അവസരം ലഭിച്ചില്ല. പല വാതിലുകൾ മുട്ടി. തുറന്നില്ല. പക്ഷേ, മനസ് കീഴടങ്ങാൻ അനുവദിച്ചില്ല.
സംഗീത സംവിധായകൻ ബാബുരാജ് അടക്കം ദേവരാജൻ മാസ്റ്ററുടെ അടുക്കൽ വരെ പലവട്ടം സമീപിച്ചു. മുപ്പതോളം ഗാനങ്ങൾ ശബ്ദപരിശോധനയ്ക്കായി പാടി. എല്ലാവരും കൈവിട്ടു.
സഹപാഠിയായ യേശുദാസിന്റെ സഹായം രവീന്ദ്രന് പിന്നീട് ഒരു അനുഗ്രഹമാകുന്നു. യേശുദാസിന്റെ ശുപാർശയോടെ സിനിമാ സംവിധായകനായ ഐ വി ശശിയെ കാണാൻ അവസരം ലഭിക്കുന്നു. ശശിയുടെ ചൂള എന്ന സിനിമയിൽ പാട്ടുകൾക്ക് സംഗീതം നല്കാൻ ഇത് വഴിയൊരുക്കി. അങ്ങനെ 1979 ൽ രംഗപ്രവേശം. ചൂളയിലെ “താരകേ മിഴിയിതളിൽ കണ്ണീരുമായ് ” എന്ന ഗാനം പിറവിയെടുക്കുകയും ഹിറ്റായി മാറുകയും ചെയ്യുന്നു. ഇതോടെ രവീന്ദ്രൻ എന്ന സംഗീത സംവിധായകന് മലയാള സിനിമാ സംഗീതത്തിൽ വ്യക്തമായ ഒരു സ്ഥാനവും വ്യക്തിത്തവും ലഭിക്കുന്നു.
ചൂളയ്ക്ക് മുമ്പ് ജീവിത കടമ്പകൾക്കായി ഡബ്ബിംഗ് ആർട്ടിസ്റ്റായി വേഷമിട്ടെങ്കിലും അത് കൊണ്ട് തൃപ്തിപ്പെടാൻ രവീന്ദ്രന്റെ മനസ് അനുവദിച്ചില്ല.
ചുളയ്ക്ക് ശേഷം 1980 കളിലും 90 കളിലും ഒന്നിന് പുറമെ ഒന്നായി ചിത്രങ്ങൾ. എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം. കർണ്ണാടക സംഗീതത്തോടൊപ്പം മെലഡി സന്നിവേശിപ്പിക്കുകയായിരുന്നു രവീന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത.
മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷാ ചിത്രങ്ങളിലായിൽ 500 ലധികം സിനിമകൾക്കാൻ രവീന്ദ്രൻ ഈണം പകർന്നു. ഇതിന് പുറമെ ലളിത ഗാനങ്ങൾ, ഉത്സവഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയ്ക്കും സംഗീതം നല്കി.
2006 ൽ പുറത്തിറങ്ങിയ വടക്കുംനാഥനാണ് രവീന്ദ്രൻ ഏറ്റവും ഒടുവിലായി സംഗീതം പകർന്ന ചിത്രം. അതിലെ “ഗംഗേ” എന്ന ഗാനം ഏറ്റവും അവിസ്മരണീയമായി നില്ക്കുന്നു.