മലയാള സിനിമാ സംഗീതത്തിന് എന്നും വിസ്മയമാണ് എം എസ് ബാബുരാജ്. ഗസൽ, ഖവ്വാലി വിഭാഗത്തിൽപ്പെട്ട ലളിത ഗാനങ്ങളുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ മിക്ക ഗാനങ്ങൾക്കും മാപ്പിള പാട്ടിന്റെ സ്പർശം ഉണ്ടായിരുന്നു. മൊയ്തു പടിയത്തിന്റെ കുട്ടിക്കുപ്പായം എന്ന നോവലിനെ അതേ പേരിൽ സിനിമയാക്കിയപ്പോൾ പാട്ടുകൾ മാപ്പിളപ്പാട്ട് ശൈലിയിൽ ചിട്ടപ്പെടുത്താൻ നിർമ്മാതാവ് ടി ഇ വാസുദേവൻ ബാബുരാജിനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടിക്കുപ്പായം സൂപ്പർ ഹിറ്റായി.
ബാബുരാജിന്റെ ആദ്യ സിനിമ പി ഭാസ്ക്കരൻ ഗാനരചന നടത്തിയ മിന്നാമിനുങ്ങ് ആണ്. 1957 ൽ . നാടകത്തിലൂടെയാണ് സംഗീത സംവിധാനത്തിന് തുടക്കമിടുന്നത്. മൂടുപടം സിനിമയിലെ എസ് ജാനകി പാടിയ തളിരിട്ട കിനാക്കൾ, കാട്ടുതുളസിയിൽ എസ് ജാനകി പാടിയ സൂര്യകാന്തി സൂര്യകാന്തി, അനാർക്കലിയിൽ യേശുദാസും ബി വസന്തയും ചേർന്നു പാടിയ നദികളിൽ സുന്ദരി യമുന, ഭാർഗ്ഗവിനിലയത്തിൽ യേശുദാസ് പാടിയ താമസമെന്തേ വരുവാൻ എന്നീ ഗാനങ്ങൾ അതി പ്രശസ്തമായി. ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ.
സംഗീത സംവിധായകൻ രവീന്ദ്രന്റെ സംഗീത സപര്യസതകൾ; പാട്ടുകൾ അധികവും ശുദ്ധ മെലഡികൾ
ബാബുരാജ് മൊത്തത്തിൽ 90 സിനിമകൾക്ക് സംഗീതം നല്കിയിട്ടുണ്ട്. മിന്നാമിനുങ്ങ്, ഉമ്മ, കണ്ടംബച്ച കോട്ട്, മുടിയനായ പുത്രൻ , ലൈലാമജ്നു, പാലാട്ടുകോമൻ, ഭാഗ്യജാതകം, സുബൈദ, ഇരുട്ടിന്റെ ആത്മാവ് എന്നീ ചിത്രങ്ങൾ എടുത്തു പറയേണ്ടതാണ്. പി ഭാസ്ക്കരന്റെ ഗാനങ്ങൾക്കാണ് ബാബുരാജ് കൂടുതലായും സംഗീത സംവിധാനം നിർവ്വഹിച്ചത്. ഏകദേശം 35 ഓളം ചിത്രങ്ങൾ. 539 ഗാനങ്ങൾക്ക് ഈണം നല്കാൻ കഴിഞ്ഞു.
മൂടുപടം, സുബൈദ, കാട്ടുതുളസി, ചുഴി, അഴിമുഖം, ഓളവും തീരവും എന്നീ ചിത്രങ്ങളിൽ ബാബുരാജ് പാടിയിട്ടുമുണ്ട്. സുബൈദ എന്ന ചിത്രത്തിലെ പൊട്ടിത്തകർന്ന കിനാക്കൾ കൊണ്ടൊരു എന്ന ഗാനം മലയാളികളുടെ ഹൃദയത്തിൽ എന്നും അവിസ്മരണീയമാണ്. അത് നിത്യഹരിതമായി തന്നെ നിലനില്ക്കുന്നു.
കൊല്ലത്തെ ഒരു സംഗീത ആസ്വാദകൻ ബാബുരാജിന്റെ താമസമെന്തേ വരുവാൻ എന്ന ഗാനം ഒരു ദിവസം പോലും കേൾക്കാതെ ഉറങ്ങാറില്ലെന്ന് പറഞ്ഞത് ഈ അവസരത്തിൽ അനുസ്മരിക്കുന്നു. അതിനായി അദ്ദേഹം യാത്ര ചെയ്യുന്ന കാറിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം സിസ്റ്റം വെച്ചിട്ടുള്ളതായി അറിയാവുന്നതാണ്.