കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. ജയിലില്‍ പോയവര്‍ മഹാരാഷ്ട്രയില്‍ താന്‍ എന്ത് ചെയ്തുവെന്ന് ചോദിക്കരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചു. മഹാരാഷ്ട്ര സോളാപൂര്‍ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പവാര്‍.
സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷായെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2010ല്‍ ബി.ജെ.പി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെയാണ് അറസ്റ്റ് നടന്നത്.
ഒരു കാര്യം പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, ശരത് പവാര്‍ ഒരിക്കലും ജയിലില്‍ പോയിട്ടില്ല. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞവരാണ് ഞാന്‍ എന്ത് ചെയ്തെന്ന് ചോദിക്കുന്നത്. ഞാന്‍ കേന്ദ്ര കൃഷിമന്ത്രിയായിരിക്കുമ്പോള്‍ 75,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളുന്ന പദ്ധതി നടപ്പിലാക്കിയത്- ശരത് പവാര്‍ പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് നടന്ന ബി.ജെ.പി റാലിയില്‍ അമിത്ഷാ ശരത് പവാറിനെതിരെ ആഞ്ഞടിച്ചിരുന്നു. മഹാരാഷ്ട്രക്ക് എന്താണ് ശരത് പവാറിന്റെ സംഭാവന എന്നായിരുന്നു അമിത്ഷായുടെ ചോദ്യം. അതേസമയം വിജയ്‌സിങ്ങ് പാട്ടീലും ദിലാപ് സോപാലും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനോട് ആര് പാര്‍ട്ടി വിട്ടാലും അത് എന്‍സിപിയെ ബാധിക്കില്ലെന്ന് പവാര്‍ പ്രതികരിച്ചു.