ബിജെപി ഭരണത്തോടുള്ള ശക്തമായ അമര്‍ഷം തുറന്നടിച്ച് എന്‍സിപി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. പ്രത്യയ ശാസ്ത്രപരമായി അധപതിച്ച പാര്‍ട്ടിയാണ് ബിജെപി. ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ല. ജനങ്ങളെ ചൂഷണം ചെയ്ത് കോര്‍പ്പറേറ്റുകളെ ഉയര്‍ത്തുന്ന ഭരണസംവിധാനമാണ് അവര്‍ക്കുള്ളതെന്ന് ശരത് പവാര്‍ പറയുന്നു. മാത്രമല്ല മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ പുല്‍വാമ മോഡല്‍ ആക്രമണം കൊണ്ട് മാത്രമേ സാധിക്കൂവെന്നും ശരത് പവാര്‍ പരിഹസിക്കുന്നു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി തെരെഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച വേളയിലാണ് ശരത് പവാറിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രതിഷേധം ബി.ജെ.പിയുടെ ജയ സാദ്ധ്യതകളെ മങ്ങലേല്‍പ്പിക്കും പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീകരാക്രമണത്തിന് ശേഷം നിലനിന്നതിന് സമാനമായ സാഹചര്യം ഭരണ പക്ഷത്തിന് സഹായകരമാകുമെന്നും ശരത് പവാര്‍ ആവര്‍ത്തിച്ചു.
ബി.ജെ.പി-ശിവസേന ഭരണത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നതും ജനങ്ങള്‍ മനസ്സിലാക്കണമെന്നും ശരത് പവാര്‍ പറഞ്ഞു.