ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ഒഴിവില്‍ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഒഴിവു വന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും പേര് പരിഗണിക്കപ്പെടുമെന്ന സാഹചര്യത്തിലാണ് നിലപാട് കുമ്മനം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നേരിടേണ്ടി വന്ന തോല്‍വിയെ കുറിച്ച് അന്വേഷിക്കുമെന്നും കുമ്മനം പറഞ്ഞു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയ്ക്ക് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഭൂരിപക്ഷം കുറഞ്ഞിരുന്നു. എന്‍ഡിഎ ശക്തമായി തിരിച്ചു വരുമെന്നും താന്‍ ഒപ്പമുണ്ടാകുമെന്നും കുമ്മനം പ്രതികരിച്ചു. താന്‍ മത്സരിച്ചാല്‍ ജയിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും താന്‍ അതിമാനുഷനല്ല. അതേസമയം പാര്‍ട്ടി പറയുന്നത് താന്‍ അംഗീകരിക്കും. പ്രസിഡന്റ് സ്ഥാനചര്‍ച്ചയില്‍ തന്റെ പേരിന് മുന്‍തൂക്കം വരുന്നതില്‍ താന്‍ ഉത്തരവാദിയല്ലെന്നും കുമ്മനം ആവര്‍ത്തിച്ചു.